കോഴിക്കോട്: വടകരയിൽ സിപിഎം അംഗമായ യുവതിയെ ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും പീഡിപ്പിച്ച കേസിൽ പ്രതികൾ ഒളിവിലാണ്. പരാതി നൽകി മൂന്ന് ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ കഴിയാത്തത് രാഷ്ട്രീയ സ്വാധീനമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇരുവരെയും സിപിഎം പുറത്താക്കിയെങ്കിലും ആരാണ് ഇവരെ സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
ഒരു ഘടകത്തിൽ പ്രവർത്തിക്കുന്ന വനിതാ അംഗത്തെ ആ ഘടകത്തിൽ പ്രവർത്തിക്കുന ബ്രാഞ്ച് സെക്രട്ടറിയും, മേഖലാ സെക്രട്ടറിയും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം സിപിഎമ്മിന് വലിയ മാനക്കേട് സൃഷ്ടിച്ചതോടെ ഇരുവരെയും പാർട്ടി നേതൃത്വം പുറത്താക്കുകയായിരുന്നു. പരാതിക്കാരിയിൽ നിന്നും മൊഴി എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികളായ ബ്രാഞ്ച് സെക്രട്ടറി പി.പി.ബാബുരാജ് , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ലിജീഷ് എന്നിവർ ഒളിവിൽ പോയി. പ്രതികളെ പിടി കൂടാൻ കഴിയാത്തത് രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന ആരോപണമാണ് ഉയരുന്നത്.
Also Read-
യുവതിയെ പീഡിപ്പിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും DYFI നേതാവിനുമെതിരെ കേസ്; ഇരുവരെയും പുറത്താക്കിയെന്ന് സിപിഎംപാർട്ടി നേതാക്കൾ പെൺകുട്ടിയെ ചൂഷണം ചെയ്തത് വളരെ ഗൗരവമായി കാണേണ്ട വിഷയമാണെന്നാണ് കെ.കെ.രമ എം.എൽ.എ പ്രതികരിച്ചത്. കുറ്റക്കാരെ പാർട്ടി സംരക്ഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നു. പാർട്ടി മെമ്പർമാരായ സി പി.എം അംഗങ്ങൾക്ക് പോലും രക്ഷയില്ല. പാർട്ടി ഗ്രാമങ്ങളിൽ പോലും സ്ത്രീകൾക്ക് സുരക്ഷ ഇല്ലാതായെന്ന് കെ.കെ.രമ ആരോപിച്ചു. പ്രതികളെ എത്രയും വേഗം നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങി നൽകുവാനാണ് സിപിഎം ശ്രമിക്കേണ്ടത്. കളളക്കടത്തുകാരുടെയും, സ്വർണ്ണക്കടത്തുകാരുടെയും, സ്ത്രീ പീഢകരുടെയും പാർട്ടിയായി സിപിഎം മാറിയതായും കെ.കെ. രമ കുറ്റപ്പെടുത്തി.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്ലോക്ക് കമ്മിറ്റി അംഗവും പ്രതികൾ ആയിട്ടുള്ള പീഡന കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം നേതൃത്വം ആണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണനും ആരോപിച്ചു . ഉന്നത സിപിഎം നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികൾ. പീഡന കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങൾ ആണ് ആദ്യമേ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. സിപിഎം പൊലീസ് അസോസിയേഷൻ നേതാക്കൾ കേസ് വൈകിപ്പിക്കുകയും പിൻവലിക്കാനുള്ള ശ്രമങ്ങളും നടത്തിയത് ഇതിൻ്റെ ഭാഗമായിട്ടാണ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ച സിപിഎം നിലപാട് കുറ്റകരമാണ് സ്ത്രീ സംരക്ഷണത്തെ പറ്റി വാതോരാതെ പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് പോലും പീഡനം ഏറ്റു വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ് കേരളത്തിൽ. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും പ്രഫുൽ കൃഷ്ണ ആവശ്യപ്പെട്ടു.
അതേസമയം എത്ര ഉന്നതനായാലും സദാചാര വിരുദ്ധരെ സംരക്ഷിക്കില്ലെന്നും, ഇരയ്ക്ക് എല്ലാ സഹായവും നൽകുമെന്നുമാണ് സിപിഎം. ഏരിയാ സെക്രട്ടറി ഗോപാലൻ മാസ്റ്റർ അറിയിച്ചത്. പാർട്ടിയുടെ ശ്രദ്ധയിൽ ഈ വിഷയം വന്ന ഉടൻ അടിയന്തരമായി കമ്മിറ്റി ചേർന്ന് കുറ്റക്കാരണെന്ന് കണ്ടെത്തിയ ഇരുവരെയും പുറത്താക്കി. പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ടും പേരും കുറ്റക്കാരാണെന്നാണ് കണ്ടെത്തിയത്. അടിയന്തരമായി കമ്മിറ്റി കൂടിയപ്പോൾ ആരോപണ വിധേയരായവരെ വിളിച്ചെങ്കിലും ഇരുവരും എത്തിയില്ല. കുറ്റക്കാരെ പാർട്ടി ഒരിക്കലും സംരക്ഷിക്കില്ല. യുവതിക്ക് എല്ലാ സഹായവും നൽകും. ഇരയുടെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്നും ഏരിയാ സെക്രട്ടറി വ്യക്തമാക്കി.അതിനിടയിൽ പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ അന്വേഷണ സംഘം മജിസ്ട്രേറ്റിന് മുൻപിൽ എത്തിച്ച് രഹസ്യ മൊഴി രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.