മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം
Last Updated:
# രാജേഷ് വെമ്പായം
തിരുവനന്തപുരം: ലോക്സഭയിൽ സുപ്രധാനമായ മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരിടുന്നത് കടുത്ത അഗ്നിപരീക്ഷ. മുൻപ് ഇതിലും വലിയ വിമർശനങ്ങളും ആക്രമണങ്ങളും എതിരാളികളിൽ നിന്ന് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ നിന്നും അണികളിൽ നിന്നും ഇത്തരത്തിൽ ആക്രമണമുണ്ടാകുന്നത് ഇതാദ്യം. ഐസ്ക്രീം കേസിന്റെ സമയത്തും റജീനയുടെ വെളിപ്പെടുത്തൽ സമയത്തും പാറപോലെ പിന്നിൽ ഉറച്ചുനിന്ന അണികളും പാർട്ടിയുമായിരുന്നു ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കരുത്ത് പകർന്നത്. എന്നാൽ ഇപ്പോൾ ലീഗ് പ്രവർത്തകരും നേതൃത്വവും പരസ്യവിമർശനത്തിന് തയാറായതിന്റെ ഞെട്ടലിലാണ് കുഞ്ഞാലിക്കുട്ടി എന്ന അതികായൻ.
advertisement
എന്താണ് സംഭവിച്ചത്?
സമുദായത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയെ പോലൊരു നേതാവിന് ഇത്തരമൊരു വീഴ്ച സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന പൊതുവികാരമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. മുത്തലാഖ് ബില്‍ ലോക്സഭ പരിഗണനയ്ക്കെടുത്ത ദിവസം കുഞ്ഞാലിക്കുട്ടി സഭയിലെത്താത്തതാണ് വിവാദമായത്. പൊന്നാനി എം.പി. ഇ ടി മുഹമ്മദ് ബഷീർ സഭയിൽ സന്നിഹിതനായിരുന്നുതാനും. മുത്തലാഖ് ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന സംഭവത്തിൽ കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്നും ജാഗ്രതകുറവുണ്ടായെന്നും മലപ്പുറം ജില്ലാ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുറന്നടിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ നടപടിയോട് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണളുടെ കൈയിൽ ലീഗിനെ തല്ലാനുള്ള വടിനൽകേണ്ടിയിരുന്നില്ലെന്ന് ചിന്തിക്കുന്നവരാണ് ലീഗ് നേതാക്കളിൽ ഏറെയും.
advertisement
ലീഗിനെ അടിക്കാനുള്ള വടി?
മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാത്തത് അടുപ്പക്കാരന്റെ വിവാഹസത്കാരത്തിൽ പങ്കെടുക്കാനായിട്ടാണെന്ന പ്രചരണമാണ് എതിരാളികൾ ഉന്നയിച്ചത്. ലീഗ് വിരുദ്ധർ ഇതൊരു രാഷ്ട്രീയ ആയുധമാക്കിയപ്പോൾ ലീഗിനോട് ചേർന്നുനിൽക്കുന്ന സമസ്ത ഇ.കെ. വിഭാഗത്തിനും കുഞ്ഞാലിക്കുട്ടിയുടെ
നടപടിയോട് കടുത്ത വിയോജിപ്പുണ്ട്. ഇ.കെ. സുന്നിവിഭാഗം സോഷ്യൽ മീഡിയയിലൂടെ കടുത്ത ആക്രമണമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ അഴിച്ചുവിടുന്നത്.
ബന്ധുനിയമന വിവാദത്തിൽ നിന്ന് രക്ഷപ്പെടാനും ലീഗിനെ അടിക്കാനും വടികിട്ടിയതിന്റെ സന്തോഷത്തിലാണ് മന്ത്രി കെ.ടി. ജലീൽ. കാൽനൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഇടതുമുന്നണിയിലേക്ക് കാലുകുത്താൻ അനുമതി കിട്ടിയ ഐ.എൻ.എല്ലും ആദ്യമേ വെടിപൊട്ടിച്ചു. മുന്നണി നേതൃത്വത്തിന് തങ്ങളുടെ ശക്തികാട്ടാൻ ലഭിച്ച അവസരം അവരും വെറുതെ കളഞ്ഞില്ല. നിർണായക സന്ദർഭങ്ങളിൽ കുഞ്ഞാലിക്കുട്ടി മുസ്ലിം സമുദായത്തിനൊപ്പം നിന്നില്ല എന്ന പ്രചരണത്തിന് പിന്നിൽ മുസ്ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയ്തു. എതിരാളികൾക്കൊപ്പം കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പിന്തുണക്കുന്നവർപോലും ഈ വിഷയത്തിൽ മറിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്. പി.ഡി.പി, എസ്ഡിപിഐ, വെൽഫയർ പാർട്ടി എന്നിവരെല്ലാം ഈ സംഭവത്തിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
advertisement
മുൻപുള്ള വിവാദങ്ങൾ?
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ പാർലമെന്റിൽ നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാത്തതും
വിവാദമായിരുന്നു. വിമാനം വൈകിയതായിരുന്നു അന്നു പറഞ്ഞ കാരണം. പുതിയ സംഭവവികാസത്തോടെ ലീഗ് വിരുദ്ധർ ഈ പഴയ സംഭവവും കുത്തിപ്പൊക്കുകയാണ്. ഇതെല്ലാം അക്കമിട്ട് നിരത്തി കുഞ്ഞാലിക്കുട്ടി ബിജെപിക്കും കേന്ദ്രസർക്കാരിനും അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് വിമർശനുമുന്നയിക്കുന്നവരും കുറവല്ല. നിയമസഭാംഗമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും പ്രതിപക്ഷ ഉപനേതാവായിരുന്നിട്ടും നിർണായക സമയങ്ങളിലും മുഖ്യമന്ത്രിയെ വിമർശിക്കേണ്ട വേളകളിലും നിയമസഭയിൽ നിന്ന് മാറിനിൽക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടിക്കെതിരെ നേരത്തെ ആക്ഷേപമുയർന്നിരുന്നു.
advertisement
പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന യു.ഡി.എഫിന്റെ നെടുംതൂണായ നേതാവ് ഇതാദ്യമായല്ല ഇത്തരം വെല്ലുവിളികളെ നേരിടുന്നത്. സുനാമി ഫണ്ട് വിവാദം, ഐസ്ക്രീം കേസ്, റജീനയുടെ വെളിപ്പെടുത്തൽ എന്നീഘട്ടങ്ങളിലെല്ലാം ഇതിലും വലിയ ആക്രമണങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ എതിരാളികൾ ഉയർത്തി. എന്നാൽ അപ്പോഴെല്ലാം അദ്ദേഹത്തിന് ചുറ്റും സംരക്ഷണ മതിൽ കെട്ടിയുയർത്താൻ ലീഗ് അണികള്‍ ഉണ്ടായിരുന്നു. ഐസ്ക്രീം കേസ് കത്തിനിന്ന നാളുകളിൽ, 2006ൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് ദയനീയമായി തോറ്റു. ഇവിടെ നിന്ന് ഫീനിക്സ് പക്ഷിയെ ഉയിർത്തെഴുന്നേൽക്കുന്ന കുഞ്ഞാലിക്കുട്ടിയെയാണ് കേരളം കണ്ടത്. പിന്നീട് രണ്ട് തവണ നിയമസഭയിലേക്ക് മികച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും മന്ത്രിയായി. ഇ. അഹമ്മദ് അന്തരിച്ചപ്പോൾ മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്കും എത്തി.
advertisement
വിവാദത്തിന്റെ പ്രതിധ്വനി എന്തായിരിക്കും?
കോൺഗ്രസും ലീഗും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ഏറെ പ്രാധാന്യത്തോടെ കാണുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങുന്ന വേളയിൽ തന്നെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉയരുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കുമെന്ന വാർത്തകള്‍ വന്നതിന് പിന്നാലെയാണ് മുത്തലാഖ് വിവാദമുയരുന്നത്. കുറച്ചുനാൾ മുൻപ് കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്നതരത്തില്‍ പ്രചരണമുണ്ടായിരുന്നു. കേരളത്തിലെ യുഡിഎഫ് നേതൃത്വത്തെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമെന്ന തരത്തിലായിരുന്നു പ്രചരണം. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മേൽക്കൈ നേടിയതോടെ കേന്ദ്രത്തിൽ ലീഗ് ഉൾപ്പെടുന്ന യുപിഎ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതകൾക്ക് കൂടിയാണ് ജീവൻവച്ചത്. ഇതോടെയാണ് കുഞ്ഞാലിക്കുട്ടി വീണ്ടും മലപ്പുറത്ത് നിന്ന് ജനവിധി തേടുമെന്ന പ്രചരണം ശക്തമായത്. നിർണായക സമയത്ത് പൊട്ടിമുളച്ച വിവാദം തിരിച്ചടിയാകുമോ എന്ന ഭീതി ലീഗ് നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് പാർട്ടിയിലെ എല്ലാമെല്ലാമായിട്ടും ചെയ്തത് തെറ്റെന്ന് പറയാൻ ലീഗ് നേതൃത്വം മടിച്ചുനിൽക്കാത്തത്. കാര്യങ്ങളെന്തായാലും നയതന്ത്രജ്ഞതയും പ്രശ്നപരിഹാരത്തിനുള്ള അസാമാന്യ മിടുക്കുമുള്ള കുഞ്ഞാലിക്കുട്ടി ഈ വെല്ലുവിളിയും അനായാസം മറികടക്കുമെന്ന് ചിന്തിക്കുന്നവരാണ് പാർട്ടിയിൽ ഭൂരിഭാഗവും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2018 3:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തലാഖ്: കുഞ്ഞാലിക്കുട്ടി നേരിടുന്നത് അഗ്നി പരീക്ഷ; പാർട്ടിക്കുള്ളിൽ നിന്നും ഇതാദ്യം


