'റോഡില്‍ പൊലീസ് സല്യൂട്ട് അടിക്കാന്‍ നില്‍ക്കുന്നവരല്ല; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍'; തൃശൂര്‍ മേയര്‍ക്ക് മറുപടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ നില്‍ക്കുന്നവരല്ലെന്നായിരുന്നു ബിജുവിന്റെ പ്രതികരണം
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ നില്‍ക്കുന്നവരല്ലെന്നായിരുന്നു ബിജുവിന്റെ പ്രതികരണം.
അവര്‍ ട്രാഫിക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നും സി ആര്‍ ഹിജു പറഞ്ഞു. ഔദ്യോഗിക കൃത്യ നിര്‍വഹണം ഭംഗിയായി നിറവേറ്റുയാണ് വേണ്ടതെന്ന് വ്യക്തമായ നിര്‍ദേശം ഉള്‍പ്പെടെ സര്‍ക്കുലറായി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുരോഗമനപരവും സാമൂഹ്യ വീക്ഷണവുമുള്ള മേലുദ്യോഗസ്ഥരാല്‍ നയിക്കുന്നസേനയാണ് കേരള പൊലീസ് എന്ന് ബിജു വ്യക്തമാക്കി.
സര്‍ക്കാര്‍ പരിപാടിയില്‍ ഓരോരുത്തര്‍ക്കും നല്‍കേണ്ടസ്ഥാനം എവിടെയാണെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ വ്യവസ്ഥ നിലവിലുണ്ടാവും. എന്നാല്‍ അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മാത്രമാണ്. അല്ലാതെ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് സല്യൂട്ട് ചെയ്യിപ്പിക്കാനുള്ളതല്ല എന്ന് ബിജു കുറിപ്പില്‍ വ്യക്തമാക്കി.
advertisement
ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പൊലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്റെ പരാതി. ഇതുസംബന്ധിച്ച് മേയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു.
പ്രോട്ടോക്കോള്‍ പ്രകാരം മേയറെയും ബഹുമാനിക്കേണ്ടതാണ്. എംപിക്കും എംഎല്‍എക്കും ചീഫ് സെക്രട്ടറിക്കുമെല്ലാം മുകളിലാണ് മേയറുടെ സ്ഥാനമെന്നും അവര്‍ക്ക് സല്യൂട്ട് നല്‍കാത്തത് അപമാനിക്കലാണെന്നും എംകെ വര്‍ഗീസ് പറഞ്ഞു. ഞാന്‍ കോര്‍പ്പറേഷന്റെ മേയറായിട്ട് ഏകദേശം ആറ് മാസമേ ആയിട്ടുള്ളൂ. നേരത്തെ ജനപ്രതിനിധിയായിട്ടും കൗണ്‍സിലറായിട്ടും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് ഒരിക്കലും മേയറെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല. എന്നെ സല്യൂട്ട് ചെയ്യണമെന്നല്ല ആ പദവിയെ ബഹുമാനിക്കണമെന്നാണ് പറയുന്നത്. സല്യൂട്ട് ചെയ്യുന്നില്ല എന്ന് മാത്രമല്ല നമ്മളെ കാണുമ്പോള്‍ ഇവര്‍ തിരിഞ്ഞു നില്‍ക്കുകയാണ്. അപമാനിച്ചതിന് തുല്യമായാണ് ഇത് ഞാന്‍ കാണുന്നത്- എംകെ വര്‍ഗീസ് പറഞ്ഞു.
advertisement
അതേസമയം പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്തും വിഷയത്തില്‍ പ്രതികരിച്ചു. ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തിയാണ് സല്യൂട്ട്. റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വ്വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാല്‍നടയാത്ര കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍, അത് വഴി കടന്ന് പോകുന്ന ഉന്നതരെ സല്യൂട് ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാത്തതിനു കാരണവും ഇത് തന്നെയാണ്.
advertisement
നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയില്‍ നിന്നും പൊതു ജനങ്ങളും, ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവര്‍ത്തങ്ങള്‍ ഉണ്ടാകും. എന്നാല്‍, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതു നിരത്തില്‍ വെയിലും, മഴയും, പൊടിയുമേറ്റ് ജോലി നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പ്രോട്ടോകോള്‍ പ്രകാരമുള്ള ആദരവ് നല്‍കണമെന്ന് കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യത്തില്‍ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്ന് പ്രശാന്ത് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റോഡില്‍ പൊലീസ് സല്യൂട്ട് അടിക്കാന്‍ നില്‍ക്കുന്നവരല്ല; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍'; തൃശൂര്‍ മേയര്‍ക്ക് മറുപടി