കോട്ടയം: സ്പീക്കർ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന പേരിൽ തട്ടിപ്പ് നടത്തിയ പ്രവീൺ ബാലചന്ദ്രന് സ്ഥിരം തട്ടിപ്പുകാരൻ എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവീൺ ബാലചന്ദ്രൻ നടത്തിയ തട്ടിപ്പിന്റെ വിവരം പൊലീസ് അന്വേഷിച്ചു തുടങ്ങി. തിരുവനന്തപുരത്ത് സമാനമായ രീതിയിൽ പ്രവീൺ തട്ടിപ്പു നടത്തിയതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജല വിഭവ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് ഡി വൈ എസ്.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമന ഉത്തരവ് ഇ-മെയിൽ വഴി അയച്ചതാണ് തട്ടിപ്പ്. കോവിഡ് കാരണം ജോലിക്ക് ഇപ്പോൾ ഹാജരാകേണ്ട എന്ന് ഉത്തരവിൽ വ്യക്തമാക്കുകയും ചെയ്യും. മൊബൈൽ ഫോണിലാണ് വ്യാജരേഖ ഉണ്ടാക്കിയത്. മറ്റാർക്കും പങ്കുണ്ട് എന്ന് കരുതുന്നില്ല. നേരത്തെ സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയുടെ പേരിൽ ആയിരുന്നു തട്ടിപ്പ് നടത്തിയതെന്നും ഡി വൈ എസ് പി പറഞ്ഞു.
2019ൽ ആണ് ഇയാൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയത്. 30 പേരിൽ നിന്നും പതിനായിരം രൂപ നിരക്കിൽ മൂന്നുലക്ഷം രൂപ അന്ന് ഇയാൾ തട്ടിയെടുത്തിരുന്നു. ഇതാണ് ഇയാളുടെ തട്ടിപ്പ് രീതി എന്ന് പോലീസ് പറയുന്നു. ചെറിയ തുകകൾ കൂടുതൽ പേരിൽ നിന്ന് വാങ്ങി വലിയ തുക ആക്കുക. പ്രവീൺ ബാലചന്ദ്രൻ ഇത്തവണയും നടത്തിയത് ഇതേ രീതിയാണ്. കോട്ടയം ജില്ലയിൽ ആറു കേസുകൾ ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളാണ് ഉള്ളത്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉഴവൂർ സ്വദേശിയായ യുവതിയിൽ നിന്ന് 10000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാളെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലെടുത്ത പ്രവീൺ ബാലചന്ദ്രന്റെ ഫോൺ പൊലീസ് പിടികൂടി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി എന്ന് വിശ്വസിപ്പിക്കാൻ വ്യാജരേഖകൾ ഇയാൾ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. ഇത് ജനങ്ങളെ കാണിച്ചാണ് ഇയാൾ വിശ്വാസം പിടിച്ചു പറ്റിയത്. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ആണ് ഇന്നലെ രാത്രി ഇയാളെ പിടികൂടിയത്.
Also Read-
സ്പീക്കറുടെ പി എ ചമഞ്ഞ് തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ; കോട്ടയത്ത് മാത്രം ആറ് കേസുകൾതൃശൂർ അത്താണിക്കു സമീപം മിണാലൂരിൽ ഒരു ഫ്ലാറ്റിൽ ഇയാൾ ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം കഴിയുകയായിരുന്നു. ഇയാൾ ഇവിടെ ഉണ്ട് എന്ന് രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കസ്റ്റഡിയിലെടുത്തത്. കേസ് നിലവിൽ അന്വേഷിക്കുന്ന കോട്ടയം ഡിവൈഎസ്പി എം അനിൽകുമാറിന് ആണ് വിവരം ലഭിച്ചത്. പ്രവീൺ ബാലചന്ദ്രൻ നേരത്തെ തിരുവനന്തപുരത്ത് നടത്തിയപ്പോൾ ഇപ്പോൾ കോട്ടയം ഡിവൈഎസ്പി ആയ എം അനിൽകുമാറാണ് കേസ് അന്വേഷിച്ചിരുന്നത്. ഇയാളുടെ തട്ടിപ്പു രീതി വേഗത്തിൽ മനസ്സിലാക്കുന്നതിനും ഇത് കാരണമായി.
ഒരു പാർട്ടിയുമായും ഉള്ള ബന്ധവും ഇയാൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് വിശ്വസനീയമാണ് എന്ന് പോലീസ് കരുതുന്നില്ല. പാലക്കാട് മലമ്പുഴ സ്വദേശി ആയ ഇയാൾ ഏറെക്കാലമായി വിവിധ സ്ഥലങ്ങളിൽ ആണ് താമസിച്ച് തട്ടിപ്പ് നടത്തുന്നത്. കോട്ടയം കുമാരനല്ലൂരിൽ വീട് എടുത്ത് ഇയാൾ താമസിച്ചു വരികയായിരുന്നു. പരാതി ഉയർന്നതോടെയാണ് തൃശ്ശൂരിലേക്ക് മുങ്ങിയത്. തൃശ്ശൂരിൽ ഇയാൾ രഹസ്യമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്തു തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. ചെറിയ തുകയ്ക്ക് തട്ടിപ്പു നടത്തുന്നതിനാൽ കാര്യമായ ശിക്ഷ ഉണ്ടാകില്ല എന്നതാണ് ഇയാളെ ഇതിന് പ്രേരിപ്പിക്കുന്നത്. അതേസമയം ഇത്തവണ വ്യാജ രേഖകൾ അടക്കം പിടിച്ചെടുത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.