HOME » NEWS » Kerala » POORAM EXHIBITION STOPPED AFTER COVID CONFIRMED FOR 18 PEOPLE

18 പേര്‍ക്ക് കോവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിനും കാണികളെ അനുവദിക്കില്ല

പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും.

News18 Malayalam | news18-malayalam
Updated: April 20, 2021, 3:31 PM IST
18 പേര്‍ക്ക് കോവിഡ്; പൂരം പ്രദര്‍ശനം നിര്‍ത്തി, വെടിക്കെട്ടിനും കാണികളെ അനുവദിക്കില്ല
തൃശ്ശൂർ പൂരം
  • Share this:
തൃശൂര്‍: പൂര പ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. ഇതോടെ പൂരം പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് കാണാനും പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. പൊതുജനത്തെ റൗണ്ടില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കും. വെടിക്കെട്ടിന്റെ സജ്ജീകരണങ്ങള്‍ പെസോ ഉദ്യോഗസ്ഥര്‍ നാളെ പരിശോധിക്കും.

അതേസമയം, പൂരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നലപാടിലാണ് പാറമേക്കാവ് ദേവസ്വം. 15 ആനപ്പുറത്ത് പൂരം എഴുന്നള്ളിപ്പ് ആഘോഷമായിത്തന്നെ നടത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്. കുടമാറ്റം പ്രതീകാത്മകമായി നടത്തും. എന്നാല്‍ തിരുവമ്പാടി നിരവധി ആനകളെ എഴുന്നള്ളിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. തിരുവമ്പാടി ഒറ്റയാനപ്പുറത്ത് മാത്രമേ തിടമ്പ് എഴുന്നള്ളിക്കൂ. അതനുസരിച്ചേ വാദ്യഘോഷവും ഉണ്ടാകൂ. പകല്‍പ്പൂരം ചടങ്ങ് മാത്രമാക്കും.

പൂരത്തിന്റെ ഭാഗമായി 23, 24 തീയതികളില്‍ തൃശ്ശൂര്‍ നഗരം പൊലീസ് ഏറ്റെടുക്കുമെന്ന് എസ്പി വ്യക്തമാക്കി. സ്വരാജ് റൗണ്ടിലേക്കുള്ള വഴികളും, കടകളും പൂര്‍ണമായി അടയ്ക്കും. പാസ്സുള്ളവര്‍ക്ക് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. രണ്ടായിരം പൊലീസുകാരെയാണ് നിയോഗിക്കുന്നത്.

Also Read തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം

പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുകയെന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക. ഓരോ ഘടകപൂരങ്ങള്‍ക്കുമൊപ്പം 50 പേരെ മാത്രമേ അനുവദിക്കൂ. അങ്ങനെ എട്ട് പൂരങ്ങളുടെയും ഭാഗമായി നാനൂറ് പേര്‍ മാത്രമേ പരമാവധി പൂരപ്പറമ്പിലെത്തൂ. ഘടകപൂരങ്ങള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.

പൂരവിളംബരത്തിനും 50 പേരെ മാത്രമേ അനുവദിക്കൂ. ആഘോഷം വേണ്ട, ഇത്തവണ ചടങ്ങുകള്‍ മാത്രം മതിയെന്നാണ് ഘടകക്ഷേത്രങ്ങളുടെ തീരുമാനം. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഈ വര്‍ഷം പൂരം ചമയപ്രദര്‍ശനം ഉണ്ടാവില്ല. ഇത്തവണ സാമ്പിള്‍ വെടിക്കെട്ടില്‍ ഒരു കുഴി മിന്നല്‍ മാത്രമേ ഉണ്ടാകൂ. ഈ മാസം ഇരുപത്തിനാലാം തീയതി പകല്‍പ്പൂരം വേണ്ടെന്ന് വച്ചു. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പില്‍ സംഘാടകര്‍ മാത്രമേ ഉണ്ടാകൂ. അവിടേക്ക് കാണികള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

കടുത്ത നിയന്ത്രണങ്ങളോടെ കാണികളെ ഒഴിവാക്കി സംഘാടകരെ മാത്രം നിലനിര്‍ത്തി പൂരം നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ധാരണയായിരുന്നത്. പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക. ഘടകപൂരങ്ങളുണ്ടാകും. ഇതിന്റെ സംഘാടകര്‍ക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. മഠത്തില്‍വരവും ഇലഞ്ഞിത്തറ മേളവും ഇത്തവണ ഉണ്ടാകും.

പൂരപ്പറമ്പില്‍ കയറുന്ന സംഘാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരിക്കണം. പൂരം നടത്തിപ്പിന്റെ ചുമതല, ഡിഎംഒ, കമ്മീഷണര്‍, കളക്ടര്‍ എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
Published by: Aneesh Anirudhan
First published: April 20, 2021, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories