'കേരളത്തിൽ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവർത്തനം'; പോപ്പുലർ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
'ഭൂരിപക്ഷ വർഗീയതയിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം സംഘടിക്കുന്നത് ആത്മഹത്യാപരമാണ്'
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവർത്തനമാണെന്നും തീർത്തും അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഹർത്താലിൽ സ്വീകരിക്കുന്ന നിയതമായ മാർഗമുണ്ട്, അതൊന്നും പാലിക്കാതെയായിരുന്നു അത് ആഹ്വാനം ചെയ്തവരുടെ ഇടപെടലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുകൾക്ക് നേരെ ഉൾപ്പെടെ ആക്രമണം നടത്തി. മുഖം മൂടി ധരിച്ച് ആസൂത്രിതമായ ആക്രമണം. തീർത്തും അപലപനീയം. ഒരുപാടു പേർക്ക് പരിക്കേറ്റു. പൊതു അന്തരീക്ഷം തകർക്കുന്ന നടപടിയാണ് ഉണ്ടായത്. പോലീസ് ശക്തമായി ഇടപെട്ടു. ഇനിയും ശക്തമായി ഇടപെടുക തന്നെ ചെയ്യും. കുറേപ്പേരെ പിടികൂടി. ഇനിയും പിടികൂടാനുണ്ട്. ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്. ഇന്നലെ അക്രമം നടത്തിയവരെ ഒപ്പം നിറുത്തിയവരുണ്ട്. തത്കാല നേട്ടത്തിന് ഇവരെ ഒപ്പം കൂട്ടിയവർ ആലോചിക്കണം. വർഗീയതയ്ക്ക് വർഗീയത സൃഷ്ടിക്കാൻ മാത്രമേ കഴിയൂ. വാക്കാലോ നോക്കാലോ ഇക്കൂട്ടരെ ഒപ്പം ചേർക്കുന്നവർ ഇക്കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
അതേസമയം ഹർത്താലിനിടെ പോലീസ് സ്തുത്യർഹമായി പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികവാർന്ന പോലീസാണ് കേരളത്തിലേത്. ജനവിരുദ്ധ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോലീസ് മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ആപത്കരമായ വർഗീയത സമൂഹത്തിൽ ഭീതി ഉയർത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആപത്തിൽ നിന്ന് മുക്തമായ നാടാണ് കേരളം. ഇവിടെയും വർഗീയ ശക്തികളുണ്ട്. കേരളത്തിനുള്ളിലെ വർഗീയ ശക്തിയെയും കേരളത്തിനു പുറത്തെ വർഗീയ ശക്തിയെയും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പോലീസിനു കഴിയുന്നു. വർഗീയ ശക്തികളുമായി സമരസപ്പെടാൻ മറ്റു ചിലർ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഭൂരിപക്ഷ വർഗീയതയുടെ നയം രാജ്യത്ത് നടപ്പാകുമ്പോൾ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു. ആഹാരത്തിന്‍റെ പേരിൽ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായി. ട്രെയിൻ യാത്രയിൽ വർഗീയതയുടെ പേരിൽ ആളുകളെ കൊന്ന സംഭവമുണ്ടായി. ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായ നീക്കങ്ങളുമുണ്ടാകുന്നു. ഭൂരിപക്ഷ വർഗീയതയിൽ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ ന്യൂനപക്ഷം സംഘടിക്കുന്നത് ആത്മഹത്യാപരമാണ്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗീയതയല്ല വേണ്ടത്. രണ്ടും അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
Summary- CM Pinarayi Vijayan condemned the violence during the Popular Front hartal. The Chief Minister said that what happened in Kerala yesterday was a planned act of violence and was totally condemnable.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 24, 2022 5:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവർത്തനം'; പോപ്പുലർ ഫ്രണ്ടിനെതിരെ മുഖ്യമന്ത്രി