ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിന്റെ(Ranjith Sreenivas) പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്(Post Mortem Report) പുറത്ത്. രഞ്ജിത്തിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായി. ക്രൂരമായ ആക്രമണമാണ് രഞ്ജിത്തിന് നേരെ ഉണ്ടായത്.
തലയോട്ടി തകര്‍ന്നു, തലച്ചോറിന് ക്ഷതമേറ്റു, മുഖം വികൃതമായി. ചുണ്ടുകളും നാവും കീഴ്ത്താടിയും മുറിഞ്ഞുപോകുന്ന വിധത്തിലുള്ള വെട്ടുകള്‍, വലത് കാലില്‍ അഞ്ചോളം വെട്ടുകള്‍. തലയിലും കഴുത്തിലും ഏറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടര മണിക്കൂര്‍ സമയംകൊണ്ടാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം മേധാവി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
അതേസമയം രഞ്ജിത് ശ്രീനിവാസന്റെ മൃതശരീരം സംസ്കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം അവസാനിച്ചത്. തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന് ഹാളിലായിരുന്നു ആദ്യ പൊതു ദര്‍ശനം.
വെള്ളക്കിണറിലെ വീട്ടിലെത്തിച്ച മൃതദേഹം പിന്നീട് വിലാപയാത്രയായി ആറാട്ടുപുഴ വലിയഴീക്കലിലുള്ള രഞ്ജിത്തിന്റെ കുടുംബ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം ചിതയിലേക്ക്. സഹോദരന് അഭിജിത്ത് ശ്രീനിവാസന് ചിതയ്ക്ക് തീ കൊളുത്തി.
ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
അതേസമയം ഇന്ന് വൈകിട്ട് ചേരാനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ വൈകിട്ട് മൂന്നിനാണ് സര്‍വകക്ഷി യോഗം നടക്കുക.ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സര്‍വകകക്ഷി യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയിലേക്കു മാറ്റിയതായി ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. പിന്നാലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കി.
കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്മോര്‍ട്ടം വൈകിപ്പിച്ച് അനാദരം കാണിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പിന്മാറ്റം. സമയം തീരുമാനിച്ചത് കൂടിയാലോചന ഇല്ലാതെയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റിയതായി കളക്ടര്‍ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.