തിരുവനന്തപുരം വെള്ളനാട്ടിൽ കിണറ്റിൽ വീണ കരടി ചത്തത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മറ്റ് പരിക്കുകൾ ഇല്ലെന്നും മറ്റ് അവയവങ്ങൾക്ക് തകരാറില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.കരടിക്കു 10 വയസ്സിന് അടുപ്പിച്ചു പ്രായമുണ്ട്. പ്രാഥമിക പോസ്റ്റ് മോർട്ടം വിവരങ്ങൾ വനം വകുപ്പിന് കൈമാറി.
വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കരടി ചത്ത സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി വേണമെന്ന് പീപ്പിൾ ഫോർ ആനിമൽ. സംഭവത്തിൽ പീപ്പിൾ ഫോർ ആനിമൽ തിരുവനന്തപുരം ചാപ്റ്റർ നാളെ ഹൈക്കോടതിയെ സമീപിക്കും. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെയാണ് കരടിയെ മയക്ക് വെടിവച്ചത് എന്നാണ് പീപ്പിൾ ഫോർ ആനിമൽ ആരോപിക്കുന്നത്.
കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം
കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപണവും ഉയർന്നിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.
കിണറ്റില്‍ വീണ് ഏറെനേരമായതിനാല്‍ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.