• HOME
  • »
  • NEWS
  • »
  • kerala
  • »
  • കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം

കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം

മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കരടി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി

  • Share this:

    തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.‌ വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

    മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കരടി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് മരണകാരണം.

    ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴിയെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.

    ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. പുലര്‍ച്ചെയോടെ വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
    തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടര്‍ അലക്സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലാണ് കരടിയെ മയക്കുവെടി വെച്ചത്.

    Also Read- തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു

    കിണറ്റില്‍ വീണ് ഏറെനേരമായതിനാല്‍ കരടി അവശനായിരുന്നു. കരടിയെ പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ് മയക്കുവെടി വെച്ചത്. തുടര്‍ന്ന് കരടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് തിരികെ കയറി. പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് കരടിയെ ക്ലിപ്പിങ് ഉപയോഗിച്ച് പുറത്തെടുത്തത്.

    Published by:Rajesh V
    First published: