• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ'; ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി

'പരാജയപ്പെട്ടാലും ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാണ് കേരളത്തിലെ പ്രവർത്തകർ'; ഗുരുവായൂരിൽ ആവേശം ഉയർത്തി നരേന്ദ്രമോദി

ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ എത്തിച്ചേരാനായ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്

  • News18
  • Last Updated :
  • Share this:
    ഗുരുവായൂർ: പരാജയപ്പെട്ടാലും തങ്ങളുടെ ലക്ഷ്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരാന്ന് കേരളത്തിലെ പ്രവർത്തകരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ തളരാത്ത പ്രവർത്തനത്തിനുള്ള ഉദാഹരണമായിട്ടാണ് കേരളത്തിലെ പ്രവർത്തകരെ കാണുന്നതെന്ന് ഗുരുവായൂരിൽ സംഘടിപ്പിച്ച അഭിനന്ദൻ സഭയിൽ മോദി പറഞ്ഞു. 'തെരഞ്ഞെടുപ്പിൽ പങ്കെടുത്ത 125 കോടി ജനങ്ങളിൽ ബിജെപിക്ക് വോട്ട് ചെയ്തവരും ബിജെപി അധികാരത്തിൽ വരാൻ പാടില്ല എന്ന് ആഗ്രഹിച്ചവരും ഉണ്ടായിരിക്കാം. എന്നാൽ ഇരുകൂട്ടരേയും ഒരുമിച്ച് കൊണ്ട് വരിക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ബിജെപിയുടെ പ്രവർത്തകർ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിക്കുന്നവരല്ല. വർഷത്തിലെ 365 ദിവസവും രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് അത് ഈശ്വര സേവനമാണ് എന്ന് കരുതുന്നവരാണ് ബിജെപിക്കാർ. അത് കൊണ്ട് സർക്കാർ രൂപീകരണം മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. അതിനുമപ്പുറം ഈ നാടിന്റെ നിർമാണമാണ്. ഭാരതത്തെ ലോകത്തിന് മുന്നിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിൽ വിജയമോ പരാജയമോ ലഭിച്ചാലും ലക്ഷ്യത്തിൽ നിന്നും ഞങ്ങൾ വ്യതിചലിക്കില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ പ്രവർത്തകർ- ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി നരേന്ദ്രമോദി പറഞ്ഞു.

    ഗുരുവായൂരപ്പന്റെ പവിത്ര ഭൂമിയിൽ എത്തിച്ചേരാനായ താൻ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. 'പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, എല്ലാവർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ'(മലയാളത്തിൽ). ഭൂമിയിലെ വൈകുണ്ഠം അല്ലെങ്കിൽ ഭൂമിയിലെ സ്വർഗമായ ഈ കേരളത്തിലേക്ക് വരാൻ സാധിച്ചത് അങ്ങേയറ്റം മികച്ച അനുഭൂതി എനിക്ക് നൽകുന്നു. ഗുരുവായൂരപ്പൻ ഇരിക്കുന്ന ഈ പവിത്ര ഭൂമിയിൽ എത്തിച്ചേരാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഭഗവാന് പൂജ ചെയ്യാനും എനിക്ക് സാധിച്ചു. അതിലും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അതെനിക്ക് ഉത്സാഹവും ഊർജവും തരുന്നു. മുന്നോട്ട് പോകാൻ പ്രേരണ തരുന്നു. ഭഗവാൻ കൃഷ്ണൻ ജനിച്ച സ്ഥലത്തുനിന്നും വരുന്ന തനിക്ക് ഇവിടെയെത്തുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഭാരവാഹികൾ, ഭാരതീയ ജനത പാർട്ടിയുടെ പ്രവർത്തകരും നേതാക്കളും ആയിട്ടുള്ളവർ, ഈ രാജ്യത്തെ പ്രബുദ്ധരായ പൗരന്മാർ, എന്നിവർക്കൊക്കെ ഞാൻ എന്റെ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു'- മോദി പറഞ്ഞു.

    തെരഞ്ഞെടുപ്പ് സർവേ നടത്തുന്നവർക്ക് വിധി എങ്ങനെയാകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ല. ഭാരതീയ ജനത പാർട്ടിയെ ഉജ്വല വിജയത്തിലേക്ക് എത്തിച്ച ഈ നാട്ടിലെ ഈശ്വര തുല്യരായ ജനങ്ങളെ ഞാൻ വീണ്ടും നമിക്കുന്നു. 'അടിയുറച്ച വിശ്വാസവും ആധ്യാത്മിക പാരമ്പര്യവുമാണ് കേരളത്തിന്റെ പ്രത്യേകത. ഞങ്ങൾ ജനപ്രതിനിധികൾ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരാണ്. പക്ഷെ ജനസേവകരെന്ന നിലയിൽ, ഞങ്ങൾ എക്കാലത്തും ജനങ്ങളെ സേവിക്കാൻ ഇറങ്ങിയവരാണ്. ബിജെപിയും എൻഡിഎയും ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് അങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരായിട്ടാണ്. ബനാറസ് പോലെ തന്നെ കേരളവും എനിക്ക് പ്രധാനമാണ്'- നരേന്ദ്രമോദി പറഞ്ഞു. നിപ രോഗബാധയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളുടെ ഒപ്പമുണ്ടെന്നും മോദി പറഞ്ഞു.

    First published: