കെ-റെയില്‍ (K-RAIL) സില്‍വര്‍ലൈന്‍ (SILVER LINE) പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധനങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (PINARAYI VIJAYAN). പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍വ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കെറെയില്‍ വിഷയത്തില്‍ തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.
കെ റെയിൽ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയം മാടപ്പള്ളിയില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നിൽക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ വിഷയത്തിൽ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോൺഗ്രസ്, ബിജെപി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിർക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാർക്ക് കല്ല് വേണമെങ്കിൽ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാൽ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു.
അതേ സമയം പ്രതിപക്ഷം കെ-റെയിൽ വിരുദ്ധ സമരം ശക്തമാക്കുകയാണ്. കെ-റെയില്‍ കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും വ്യക്തമാക്കി.
പ്രതിഷേധിക്കുന്നവരെ കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട. കെ.റെയിൽ പദ്ധതിയുടെ ഇരകളെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കും. മാടപ്പള്ളിയില്‍ കെ റെയിലന് എതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിന് എതിരെ കേസെടുത്തത് ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും സതീശന്‍ ചോദിച്ചു. സര്‍വേ കല്ല് പിഴുതെറിഞ്ഞ സംഭവത്തില്‍ കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെയും കേസെടുത്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.