'ഞാന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട'; പി എസ് ശ്രീധരന്‍പിള്ള
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ ശ്രീധരന്‍പിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു.
കോഴിക്കോട്: താന്‍ കേരളത്തിലേക്ക് എപ്പോൾ വരണമെന്നത് രമേശ് ചെന്നിത്തല തീരുമാനിക്കണ്ടെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. രമേശ് ചെന്നിത്തലയ്ക്ക് ഗവര്‍ണര്‍ പദവിയെക്കുറിച്ച് അജ്ഞതയാണ്. ഗവര്‍ണര്‍ എന്ത് ചെയ്യണമെന്ന് ചെന്നിത്തലയെക്കാൾ നന്നായി തനിക്കറിയാം. സഭാ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ ശ്രീധരന്‍പിള്ള ഇടപെടുന്നത് ബിജെപിക്കാരനെ പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. സാധാരണ നിലയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. ഗവര്‍ണര്‍ ആണെന്നത് മറന്നുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനെ പോലെയാണ് ശ്രീധരന്‍പിള്ള പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതില്‍ തെറ്റില്ലെന്നും പ്രശ്‌നം പരിഹരിച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
advertisement
സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്ന സര്‍ക്കാര്‍ വലിയ തിരിച്ചടി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോക്ക സംവരണ വിഷയത്തില്‍ മുസ്ലീം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് എ.വിജയരാഘവന്‍ സ്വീകരിച്ചത്. മുന്നോക്ക സംവരണത്തെ യുഡിഎഫ് ഒന്നിച്ചാണ് സ്വാഗതം ചെയ്തത്. സംവരണത്തില്‍ മുസ്ലീം സമുദായം അവഗണിക്കപ്പെടരുതെന്ന ആശങ്കമാത്രമാണ് ലീഗ് പങ്കുവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ആദ്യദിനത്തില്‍ കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്ലീം സമുദായത്തെ വിജയരാഘവന്‍ കടന്നാക്രമിക്കുകയാണ്. 10% സംവരണത്തെ യുഡിഎഫ് ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്തത്. മുസ്ലീം പിന്നോക്ക സമുദായത്തെ സംവരണം ബാധിക്കരുത് എന്നാണ് ലീഗ് പറഞ്ഞത്. അതില്‍ എന്താണ് തെറ്റുള്ളത്. അവര്‍ക്ക് നഷ്ടമുണ്ടാകരുതെന്ന് മാത്രമേ ലീഗ് പറഞ്ഞുള്ളൂ. തില്ലങ്കേരി മോഡലില്‍ ബിജെപി സിപിഎം ധാരണ സംസ്ഥാനമാകെ വ്യാപിപ്പിക്കാന്‍ ശ്രമം നടക്കുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
advertisement
പ്രഖ്യാപനങ്ങളും പ്രസ്താവനകളും മാത്രമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്–ബിജെപി കൂട്ടുകെട്ട് ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ കേരള പൊലീസിനെ പൂര്‍ണമായും അവഗണിച്ചു. ഇക്കാര്യത്തില്‍ പൊലീസുകാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയും അമര്‍ഷവുമുണ്ട്.
ഇടതുസര്‍ക്കാര്‍ കാസര്‍കോട് ജില്ലയെ പാടെ അവഗണിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഒച്ചിന്റെ വേഗത്തിലാണ് നടക്കുന്നത്. മെഡിക്കല്‍ കോളേജിനായി ബജറ്റില്‍ ഒന്നും നീക്കിവച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പറഞ്ഞ പദ്ധതികളൊന്നും നടപ്പാക്കിയില്ല. ദുരിതബാധിതര്‍ക്ക് സഹായം തേടി ഡിവൈഎഫ്‌ഐയാണ് കോടതിയില്‍ പോയത്. ആ ഉത്തരവ് പോലും സർക്കാർ നടപ്പാക്കിയില്ല. ദുരിതാശ്വാസമായി സുപ്രീംകോടതി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ പോലും കിട്ടാത്ത നിരവധി പേര്‍ ജില്ലയിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2021 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാന്‍ കേരളത്തിലേക്ക് എപ്പോ വരണമെന്ന് ചെന്നിത്തല തീരുമാനിക്കണ്ട'; പി എസ് ശ്രീധരന്‍പിള്ള