നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas | കേരള രാഷ്ട്രീയത്തിലെ വിമതശബ്ദം; വന്നു നിന്ന ഏതു മണ്ണിലും സ്വന്തം രാഷ്ട്രീയക്കൊടി പാറിച്ച പി.ടി.തോമസിന് വിട

  PT Thomas | കേരള രാഷ്ട്രീയത്തിലെ വിമതശബ്ദം; വന്നു നിന്ന ഏതു മണ്ണിലും സ്വന്തം രാഷ്ട്രീയക്കൊടി പാറിച്ച പി.ടി.തോമസിന് വിട

  കെ കരുണാകരനെ ശക്തമായി എതിര്‍ത്ത കെഎസ് യു പ്രസിഡന്റ് എന്ന നിലയിലാണ് പി ടി എന്ന രണ്ടക്ഷരം ആദ്യം ശ്രദ്ധേയമാകുന്നത്.

  • Share this:
   കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു വിമതശബ്ദമായിരുന്നു പി ടി തോമസ്. മറുവശത്തെ പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പുണ്ടായിട്ടും ഒരിക്കലും കീഴടങ്ങാത്തയാള്‍. കെ കരുണാകരനെ ശക്തമായി എതിര്‍ത്ത കെഎസ് യു പ്രസിഡന്റ് എന്ന നിലയിലാണ് പി ടി എന്ന രണ്ടക്ഷരം ആദ്യം ശ്രദ്ധേയമാകുന്നത്.

   മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി കേരളത്തില്‍ സംസാരിച്ച ഒരേയൊരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാവ് എന്നായിരിക്കും സമീപകാല ചരിത്രം പി ടി തോമസിനെ അടയാളപ്പെടുത്തുന്നത്. സ്വന്തം തോല്‍വി ഉറപ്പാണെന്നറിഞ്ഞിട്ടും ഇടുക്കി എംപി എന്ന നിലയില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാട് തുടര്‍ന്നതുകൊണ്ടു മാത്രമല്ല തോമസ് വാര്‍ത്തകളില്‍ എത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന പുറത്തുപറയാന്‍ ആദ്യമുയര്‍ന്ന ശബ്ദവും അദ്ദേഹത്തിന്റേതായിരുന്നു.

   കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും എക്കാലവും തോമസ് ഒരുവിമതത്വം കൊണ്ടുനടന്നു. ദീര്‍ഘകാലമായി രാഷ്ട്രീയ ഗുരുവായിരുന്നവരെ പോലും അതില്‍ നിന്നു അദ്ദേഹം മാറ്റി നിര്‍ത്തിയില്ല.

   പി ടി തോമസ് എംഎല്‍എ രാഷ്ട്രീയത്തില്‍ ഒറ്റയ്ക്കു നടക്കാനും ഒറ്റയ്ക്കു നയിക്കാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. കെഎസ് യു പ്രസിഡന്റായിരിക്കുമ്പോള്‍ തുടങ്ങിയതാണ് വേറിട്ട നിലപാടുകളുമായുള്ള ആ യാത്ര.

   അടിയന്തരാവസ്ഥയിലെ പിണക്കത്തിനു ശേഷം ആന്റണിയുടെ നേതൃത്വത്തിലുള്ളവര്‍ കരുണാകരനുമായി സന്ധിയായ സമയത്ത് എ ഗ്രൂപ്പിന് കിട്ടിയ ഒരേയൊരു പദവി ആയിരുന്നു കെഎസ് യു പ്രസിഡന്റ് സ്ഥാനം. ആ പദവി വഹിച്ചത് പി ടി തോമസായിരുന്നു. ആ പദവി സംരക്ഷിക്കാന്‍ വേണ്ടി കരുണാകരനുമായി ഒരു സന്ധിക്കും വഴങ്ങാതെ വന്നതോടെ ശരത്ചന്ദ്രപ്രസാദിനായി ആ സ്ഥാനം വഴിമാറി.

   1991ല്‍ തൊടുപുഴയില്‍ മല്‍സരിക്കാന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും തോല്‍വി ഉറപ്പിച്ചു നില്‍ക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രത്തില്‍ പി സി ജോസഫ് ആയിരുന്നു എതിരാളി. വ്യത്യസ്തമായ പ്രചാരണം കൊണ്ടു തൊടുപുഴ പിടിച്ച പി ടി തോമസിനെ തോല്‍പിക്കാന്‍ 1996ല്‍ സാക്ഷാല്‍ പി ജെ ജോസഫ് തന്നെ മല്‍സരത്തിനിറങ്ങി. എന്നാല്‍ അതേ ജോസഫിനെ 2001ല്‍ അവിടെ തോല്‍പിക്കുകയും ചെയ്തു പി ടി തോമസ് എന്ന രാഷ്ട്രീയനേതാവ്.

   ഇടുക്കിയില്‍ നിന്ന് ലോക്സഭയിലേക്കെത്തിയ പി ടി തോമസ് കുടിയേറ്റക്കാരന്‍, വിശ്വാസി, കോണ്‍ഗ്രസുകാരന്‍ തുടങ്ങിയ ഭാരങ്ങളെല്ലാം ഉപേക്ഷിച്ചാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനായി വാദിച്ചത്. തൃക്കാക്കരയില്‍ 2016ല്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ തോല്‍പിക്കാന്‍ ഒരുപാട്പേര്‍ രംഗത്തുണ്ടായിരുന്നു. എന്നിട്ടും രണ്ടുതവണയും ജയം അദ്ദേഹത്തിന് ഒപ്പമായിരുന്നു.

   ജനിച്ചുവളര്‍ന്ന ഉപ്പുതോട്ടില്‍ മാത്രമല്ല, വന്നു നിന്ന ഏതു മണ്ണിലും സ്വന്തം രാഷ്ട്രീയപതാക പാറിച്ച, പകരം വെയ്ക്കാനില്ലാത്ത കേരള രാഷ്ട്രീയ ചരിത്രത്തിന്റെ പ്രമുഖനായ നേതാവാണ് വിട വാങ്ങുന്നത്.
   Published by:Karthika M
   First published: