ജെയ്ക്കിന് മൂന്നാം തവണയും പിഴച്ചു; ഇത്തവണത്തേത് കനത്ത തോൽവി
- Published by:Rajesh V
- news18-malayalam
Last Updated:
മരപ്പാലത്തില്‍ ചവിട്ടി തുടങ്ങിയ രാഷ്ട്രീയ യുദ്ധം പുതുപ്പള്ളിയിലെ വികസനമെത്താത്ത മൂലകളിലും കുടിവെള്ളത്തിലും അച്ചു ഉമ്മന്റെ വസ്ത്രവും ചെരുപ്പുമൊക്കെ മറികടന്ന് ഓഡിയോ ക്ലിപ് വിവാദത്തിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ചാണ്ടി ഉമ്മനും കുടുംബവും ചികിത്സ നിഷേധിച്ചു എന്നതില്‍ വരെ എത്തിച്ച് ഇടതു മുന്നണി പൊരുതിനോക്കിയെങ്കിലും പുതുപ്പള്ളിയില്‍ ആഴത്തില്‍ വേരൂന്നിയ ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തെ മറികടക്കാൻ അതൊന്നും എൽഡിഎഫിനെ സഹായിച്ചില്ല
പുതുപ്പള്ളിയില്‍ സിപിഎമ്മിന്റെ യുവനേതാവ് ജെയ്ക്ക് സി തോമസിന് കാലിടറുന്നത് ഇത് മൂന്നാം തവണ. ഇതിൽതന്നെ ഇത്തവണ കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഉമ്മൻ ചാണ്ടിയെന്ന വികാരത്തിനൊപ്പം കോൺഗ്രസ് അവകാശപ്പെടുന്നതുപോലെ ഭരണവിരുദ്ധ വികാരവും കൂടി ചേര്‍ന്നപ്പോൾ ജെയ്ക്കിന് കാര്യങ്ങൾ ദുഷ്കരമാക്കി. സൈബർ ആക്രമണങ്ങളും ട്രോളുകളും തിരിച്ചടിയാവുക കൂടി ചെയ്തതോടെ എൽഡിഎഫ് മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനത്ത പരാജയം ഏറ്റുവാങ്ങി.
2016ലായിരുന്നു പുതുപ്പള്ളിയില്‍ വിദ്യാർത്ഥി സമരങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്ക്കിന് ആദ്യമായി പുതുപ്പള്ളിയിൽ എൽഡിഎഫ് അവസരം നൽകുന്നത്. അന്ന് ജെയ്ക്ക് 27,092 വോട്ടുകളുടെ വ്യത്യാസത്തിലാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മന്‍ചാണ്ടിയോട് തോറ്റത്. 2011 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്‍റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. ആകെ 44505 വോട്ടുകൾ (33.4 ശതമാനം ) ജെയ്ക്ക് നേടി. അന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം (71597 ) വോട്ടുകളാണ് നേടിയത്.
2021ലെ രണ്ടാം അങ്കത്തിൽ കഥമാറി. മണ്ഡലത്തിലെ 41.4 ശതമാനം വോട്ടും പിടിച്ച ജെയ്ക് വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശങ്ക പടര്‍ത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാക്കാന്‍ ജെയ്ക്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. മണർകാട് പഞ്ചായത്തിലും പാമ്പാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുന്നതില്‍ നിര്‍ണായകമായത്. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും അതൊരു നിറം കെട്ട ജയമായി കോണ്‍ഗ്രസുകാര്‍ പോലും വിലയിരുത്തി. അന്ന് യാക്കോബായ വോട്ടുകള്‍ ജെയ്ക്കിന് അനുകൂലമായതാണ് ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയാനിടയാക്കിയത് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 2021ലെ പോരാട്ടവീര്യം കണക്കിലെടുത്താണ് ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്കിന് ഇടതുമുന്നണി ടിക്കറ്റ് നൽകിയത്.
advertisement
Also Read- Puthuppally By-Election Result 2023 Live: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 40,478
എന്നാൽ സഹതാപ തരംഗം ആഞ്ഞടിച്ച ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 61 ശതമാനത്തിലധികം വോട്ട് നേടിയാണ് ചാണ്ടി ഉമ്മന്‍ ജയിക്കുമ്പോള്‍ 2021നെ അപേക്ഷിച്ച് പതിനായിരത്തില്‍പരം വോട്ടുകളാണ് ഇടതുമുന്നണിക്ക് കുറഞ്ഞത്.
മരപ്പാലത്തില്‍ ചവിട്ടി തുടങ്ങിയ രാഷ്ട്രീയ യുദ്ധം പുതുപ്പള്ളിയിലെ വികസനമെത്താത്ത മൂലകളിലും കുടിവെള്ളത്തിലും അച്ചു ഉമ്മന്റെ വസ്ത്രവും ചെരുപ്പുമൊക്കെ മറികടന്ന് ഓഡിയോ ക്ലിപ് വിവാദത്തിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ചാണ്ടി ഉമ്മനും കുടുംബവും ചികിത്സ നിഷേധിച്ചു എന്നതില്‍ വരെ എത്തിച്ച് ഇടതു മുന്നണി പൊരുതിനോക്കിയെങ്കിലും പുതുപ്പള്ളിയില്‍ ആഴത്തില്‍ വേരൂന്നിയ ഉമ്മന്‍ ചാണ്ടിയെന്ന വികാരത്തെ മറികടക്കാൻ അതൊന്നും എൽഡിഎഫിനെ സഹായിച്ചില്ല. മാത്രമല്ല, ഇവയിൽ ചിലതെങ്കിലും വലിയ തിരിച്ചടിയായി മാറുകയും ചെയ്തു.
advertisement
Puthuppally By-Election Result 2023 Live: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 37,719
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ജെയ്ക് എന്ന കരുത്തനായ സ്ഥാനാർത്ഥിയുടെ പിൻബലത്തിലാണ് നിലവിൽ ലഭിച്ച വോട്ടുശതമാനത്തിലേക്ക് എൽഡിഎഫ് എത്തിയതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പക്ഷേ ജെയ്ക്കിന്റെ സ്വന്തം പഞ്ചായത്തായ മണർകാട് പോലും ചാണ്ടി ഉമ്മൻ വ്യക്തമായ ലീഡ് നിലനിർത്തിയത് ഇടതുമുന്നണിയ്ക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 08, 2023 2:30 PM IST