മലപ്പുറം: ഫോണിൽ വിളിച്ച് സഹായം ചോദിച്ച പത്താം ക്ലാസുകാരനോട് അപമര്യാദയായി സംസാരിച്ചെന്ന വിവാദത്തിൽ മുകേഷ് എംഎൽഎയ്ക്ക് പിന്തുണയുമായി പി.വി അൻവർ എംഎൽഎ. പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നത് കോൺഗ്രസുകാരുടെ സ്ഥിരം ലൈൻ ആണെന്നും അൻവർ വിമർശിച്ചു. സ്വന്തം എം.എൽ.എയെ അറിയാത്ത കുട്ടിക്ക് റെക്കോർഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യിൽ എത്തിക്കാനും നന്നായി അറിയാം. അതിൽ നിന്ന് തന്നെ ഒരു കോൺഗ്രസ് ഓപ്പറേഷൻ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണെന്നും പി. വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് നേതാവായ വി. ഡി. സതീശൻ അദ്ദേഹത്തിന്റെ സ്വന്തം പേജിൽ നിന്ന് ഒരു വോട്ടറെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചതും അയാളുടെ ഭാര്യയെ ഉൾപ്പെടെ സമൂഹമധ്യത്തിൽ അപമാനിച്ചതും നമ്മുടെ മാധ്യമങ്ങൾക്ക് ഒരു വിഷയമേ അല്ലെന്നും പി വി അൻവർ ചൂണ്ടിക്കാട്ടി.
പി. വി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംബഹുമാനപ്പെട്ട കൊല്ലത്ത് നിന്നുള്ള അംഗം മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേർഷൻ അടുത്തിടെ എനിക്കും നേരിടേണ്ടി വന്നു.നിരന്തരം ഒരു ഐ.ഡിയിൽ നിന്ന് പേജിലെ എല്ലാ പോസ്റ്റുകളിലും പ്രകോപനപരമായ കമന്റുകൾ വന്ന് തുടങ്ങി. ഏതാണ്ട് 14000-ത്തോളം ഫോളോവേർസ്സുള്ള ഒരു കോൺഗ്രസ് പ്രൊഫൈൽ. അഭിഭാഷക ആണെന്നും കെ. എസ്. യു പ്രവർത്തകയാണെന്നും ഇവർ അവകാശപ്പെട്ടിരുന്നു.
വിശദമായ പരിശോധനയിൽ വ്യാജ ഐ. ഡി ആണെന്ന് മനസ്സിലായി. സൈബർ കോൺഗ്രസുകാരുടെ വൻപിന്തുണ ഈ ഐ. ഡിക്കുണ്ടായിരുന്നു. ഒരു പോസ്റ്റിൽ വന്ന് കമന്റ് ചെയ്തപ്പോൾ, മറുപടി നൽകി. ഇതോടെ "സ്ത്രീയായ എന്നെ പി. വി. അൻവർ അപഹസിച്ചേ"എന്നുള്ള ഇരവാദം മുഴക്കി പ്രസ്തുത ഐ. ഡിയിൽ നിന്ന് നിരന്തരം പോസ്റ്റുകൾ വന്ന് തുടങ്ങി. യു. ഡി. എഫ് അണികൾ പിന്തുണയുമായെത്തി. എന്തായാലും എന്റെ ഏറ്റവും പ്രിയപ്പെട്ടവരായ ചില മാധ്യമ സുഹൃത്തുക്കൾ എന്ത് കൊണ്ടോ എനിക്കെതിരെ ഇത് വാർത്തയാക്കിയില്ല എന്നതിൽ ഇന്നുമെനിക്ക് അത്ഭുതമുണ്ട്.
Also Read-
'നിനക്ക് നമ്പര് തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്എദിവസങ്ങൾക്കുള്ളിൽ ഐ. ഡിയുടെ പിന്നിൽ പ്രവർത്തിച്ചിരുന്ന ഇടുക്കികാരനായ കെ. എസ്. യു നേതാവിനെ കൈയ്യോടെ പിടികൂടാൻ കഴിഞ്ഞു. കരഞ്ഞ് കൂവി, കാലിൽ പിടിക്കുന്ന ലെവലിൽ വരെ അദ്ദേഹം എത്തി.
കൊല്ലം അംഗത്തിനെതിരെയും ഇത്തരത്തിലുള്ള പണിയാണ് നടന്നതെന്നതിൽ ഒരു സംശയവുമില്ല. പരമാവധി പ്രകോപിപ്പിച്ച് ഇരവാദം മുഴക്കി വിവാദമുണ്ടാക്കി, രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതാണിവരുടെ ലൈൻ. സ്വന്തം എം.എൽ.എയെ അറിയാത്ത കുട്ടിക്ക് റെക്കോർഡ് ചെയ്യാനും അത് പ്രചരിപ്പിക്കേണ്ടവരുടെ കൈയ്യിൽ എത്തിക്കാനും നന്നായി അറിയാം. അതിൽ നിന്ന് തന്നെ ഒരു കോൺഗ്രസ് ഓപ്പറേഷൻ ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഈ വിഷയത്തിൽ മുകേഷിനൊപ്പം തന്നെയാണ്. ഇടതുപക്ഷത്തിന്റെ ജനപ്രതിനിധിയോ, പ്രവർത്തകനോ ആയാൽ പിന്നെ അയാൾക്ക് ഒരു വ്യക്തി സ്വാതന്ത്ര്യവുമില്ല, അയാൾ ആർക്കും തട്ടികളിക്കാൻ നിന്നു കൊടുക്കാൻ ബാധ്യസ്ഥനാണെന്ന ഒരു പൊതുബോധം ഇവിടുത്തെ മാധ്യമങ്ങൾ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. അതേ സമയം, കോൺഗ്രസ് നേതാവായ വി. ഡി. സതീശൻ അദ്ദേഹത്തിന്റെ സ്വന്തം പേജിൽ നിന്ന് ഒരു വോട്ടറെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചതും അയാളുടെ ഭാര്യയെ ഉൾപ്പെടെ സമൂഹമധ്യത്തിൽ അപമാനിച്ചതും നമ്മുടെ മാധ്യമങ്ങൾക്ക് ഒരു വിഷയമേ അല്ല താനും.
ഈ അഞ്ച് വർഷങ്ങളല്ല,അതിന് ശേഷമുള്ള വർഷങ്ങളും നമ്മുടേതാകും. കാരണം, ഇത്തരം കുബുദ്ധികളൊക്കെയാണ് ഇന്നത്തെ യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും നയിക്കുന്നത്. നാളെയും ഇവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്.
ക്ലാസ്മേറ്റ്സിലെ വിഖ്യാത കഥാപാത്രമായ കഞ്ഞിക്കുഴി സതീശനിൽ നിന്ന് ഒരടിപോലും ഇവർ മുൻപോട്ട് പോയിട്ടില്ല..
ഇനി പോവുകയുമില്ല..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.