• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിനക്ക് നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

'നിനക്ക് നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം'; ഒറ്റപ്പാലത്തുനിന്ന് സഹായത്തിന് വിളിച്ച പത്താം ക്ലാസുകാരനോട് മുകേഷ് എംഎല്‍എ

അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍

മുകേഷ്

മുകേഷ്

  • Share this:
    കൊല്ലം: സഹായം ചോദിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് കൊല്ലം എംഎല്‍എ മുകേഷ് കയര്‍ത്ത് സംസാരിക്കുന്നു എന്ന പേരില്‍ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒറ്റപ്പാലത്ത് നിന്ന് വിളിച്ച വിദ്യാര്‍ത്ഥിയോടാണ് മുകേഷ് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖയാണ് പ്രചരിക്കുന്നത്. അത്യാവശ്യ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോള്‍.

    കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചതാണെന്ന് കുട്ടി എംഎല്‍എയോട് പറയുന്നുണ്ട്. എന്നാല്‍ കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവിക്കുറ്റിക്കടിക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി. അത്യാവശ്യം കാര്യം പറയാന്‍ വിളിച്ചതാണെന്ന് കുട്ടി പറയുന്നുണ്ടെങ്കിലും എന്തിനാണ് ആറു തവണ വിളിച്ചതെന്നും പാലക്കാട്ട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കേണ്ട കാര്യമുണ്ടോ എന്നും മുകേഷ് ചോദിക്കുന്നു.



    സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭാഷണത്തിന്റെ പൂര്‍ണരൂപം

    വിദ്യാര്‍ത്ഥി: ഹലോ സര്‍

    മുകേഷ്: ഹലോ.

    വിദ്യാര്‍ത്ഥി: ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.

    മുകേഷ്: പാലക്കാടോ. ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത്. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ

    വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നത്.

    മുകേഷ്: ഒന്നാമത് പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.

    വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്.

    മുകേഷ്: അത്യാവശ്യ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.

    വിദ്യാര്‍ത്ഥി: ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്.

    മുകേഷ്: അതെ സ്റ്റുഡന്റാണെങ്കിലും എന്താണെങ്കിലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ.

    വിദ്യാര്‍ത്ഥി: സര്‍, എന്റെ ഒരു കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്.

    മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. സ്വന്തം മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തുള്ള വേറെയേതൊരു ജില്ലയിലുള്ള എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.

    വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞു

    മുകേഷ്: വേണ്ട.

    വിദ്യാര്‍ത്ഥി: ഓകെ സാര്‍.

    മുകേഷ്: നിങ്ങള്‍ സ്വന്തം എംഎല്‍എയെ വിളിച്ചോ. അവര്‍ എന്ത് പറയുന്നു ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞിട്ട് വേണം എന്നെ വിളിക്കാന്‍. ഇത് സ്വന്തം എംഎല്‍എയെ വേറൊരുത്തന്‍ ജയിപ്പിച്ചിട്ട് വിട്ടത് മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ഒരു പ്രാവശ്യം വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചു ആറു പ്രാവശ്യം വിളിച്ചിട്ട് ഇവിടെയുള്ള ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. എന്താ ഇത് പിള്ളേര് കളിയാണോ ഇത്.

    വിദ്യാര്‍ത്ഥി: സോറി സര്‍

    മുകേഷ്: സോറി ഒന്നും അല്ല ഇത് വെളച്ചല്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ അവിടെ കിടക്കുമ്പോള്‍ അയാളെ വിളിക്കാതെ അയാളെ വെറും ഡൂക്കിലി ആക്കിയിട്ട് ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലെ എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.

    വിദ്യാര്‍ത്ഥി: സോറി സര്‍ അറിയാതെ പറ്റി പോയി.

    മുകേഷ്: നിങ്ങളുടെ എംഎല്‍എ ആരാന്ന് അറിയാമോ.

    വിദ്യാര്‍ത്ഥി: ഇല്ല സാര്‍.

    മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിഞ്ഞൂട പത്താംക്ലാസില്‍ പഠിക്കുന്ന നിനക്ക് എന്റെ മുന്‍പില്‍ ഉണ്ടായിരുന്നെങ്കില്‍ നിന്നെ ഒക്കെ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിയില്ല. പാലക്കാട് എവിടെയാ നിന്റെ വീട്.

    വിദ്യാര്‍ത്ഥി: പാലക്കാട് ഒറ്റപ്പാലം

    മുകേഷ്: ഒറ്റപ്പാലത്തെ എംഎല്‍എയെ നിനക്ക് അറിഞ്ഞൂടെ. ആദ്യം ഒറ്റപ്പാലത്തെ എംഎല്‍എയെ കണ്ടു പിടി കേട്ടോ. എംഎല്‍എയെ കണ്ടുപിടിച്ചിട്ട് എംഎല്‍എയുടെ അടുത്ത് പോയി സംസാരിക്ക്. മേലാല്‍ എംഎല്‍എയോട് സംസാരിക്കാതെ എന്നെ വിളിക്കരുത്.

    വിദ്യാര്‍ത്ഥി: ഓകെ

    നേരത്തെ മുകേഷിനെ രാത്രിയില്‍  ആരാധകനെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചയാളോട് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. ഫോണ്‍ വിളിച്ചയാളോട് അന്തസ്സുണ്ടോ എന്നും ചോദിച്ചായിരുന്നു മുകേഷ് പെരുമാറിയിരുന്നത്.
    Published by:Jayesh Krishnan
    First published: