HOME /NEWS /Kerala / 'നിയമസഭയില്‍ എപ്പോള്‍ വരണം എന്ന് എനിക്കറിയാം'; വി ഡി സതീശന് മറുപടിയുമായി പി വി അന്‍വര്‍

'നിയമസഭയില്‍ എപ്പോള്‍ വരണം എന്ന് എനിക്കറിയാം'; വി ഡി സതീശന് മറുപടിയുമായി പി വി അന്‍വര്‍

പി വി അന്‍വര്‍, വി ഡി സതീശന്‍

പി വി അന്‍വര്‍, വി ഡി സതീശന്‍

വ്യാപാര ആവശ്യങ്ങൾക്ക് ആയി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ  ആണ് പി വി അൻവർ എന്നാണ് വിവരം

  • Share this:

    നിയമസഭയിലെ അസാനിധ്യത്തെ പറ്റി  ഉള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. " പ്രിയപ്പട്ട പ്രതിപക്ഷ നേതാവേ, അങ്ങയുടെ പ്രസ്താവന ഇന്ന് കാണുകയുണ്ടായി. പി.വി അൻവർ നിയമസഭയിലെത്തുന്നില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വർഷക്കാലം ജീവിതത്തിലൊരു കാലത്തും പി.വി അൻവർ നിയമസഭയിലെത്തരുത് എന്ന നിലയ്ക്ക് പ്രവർത്തിച്ച പാർട്ടിയുടെയും മുന്നണിയുടെയും നേതാവാണ് താങ്കൾ.

    നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുഴുവൻ നേതാക്കൻമാരെയും അണിനിരത്തി വ്യക്തിപരമായ എല്ലാ ആരോപണങ്ങളും ഉയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താൻ നിങ്ങൾക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദ്ദേശം ഞാൻ നിയമസഭയിൽ വരരുത് എന്നതായിരുന്നു.  ഇപ്പോൾ നിയമസഭയിൽ എന്നെ കാണാത്തതിൽ അങ്ങേക്ക് സങ്കടം ഉണ്ട് എന്നറിഞ്ഞതിൽ നല്ല സന്തോഷം തോന്നുന്നു.

    പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത് താങ്കളുടെ നേതാവ് രാഹുൽ ഗാന്ധി എവിടെയാണ് എന്നാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോൾ ഏത് രാജ്യത്തേക്കാണ് പോവുന്നത് എന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടൊ കോൺഗ്രസ് നേതൃത്വത്തോടൊ പറയാറില്ല. രാജ്യത്തെ ഇന്റലിജൻസിന് പോലും അദ്ദേഹം ഏത് രാജ്യത്താണ് എന്നറിയാറില്ല. അങ്ങനെയുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കൾ.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കുതികാൽ വെട്ടിയ ധാർമികതയാണ് താങ്കളുടേത്. അതുകൊണ്ട് ധാർമികതയെ കുറിച്ചൊന്നും ദയവായി എന്നോട് പറയരുത് നിയമസഭയിൽ എപ്പോൾ വരണമെന്നൊക്കെ എനിക്ക് നന്നായറിയാം. അതിന് താങ്കളുടെ സഹായം ആവശ്യമില്ല. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ ഞാൻ ബാധ്യസ്ഥനാണ്. അത് ഞാൻ നിറവേറ്റും."

    പി വി അൻവർ സഭയിൽ തുടർച്ചയായി ഹാജരാകാത്തതിൽ സഭാചട്ടം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സഭയിൽ പറഞ്ഞിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തിയ അൻവർ ഒന്നും രണ്ടും സമ്മേളനങ്ങളിലെ ഏതാനും ദിവസങ്ങൾ മാത്രമാണ് പങ്കെടുത്തത്. പിന്നീട് സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലത്.

    ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എം.എൽ.എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് സർക്കാരാണ്. പി വി അൻവർ വിട്ടു നിൽക്കുന്നത്  ആരോഗ്യകാര്യങ്ങളാണെങ്കിൽ മനസിലാക്കാം എന്നാല് ബിസിനസ് നടത്താനാണെങ്കിൽ ജനപ്രതിനിധി ആയിരിക്കേണ്ട കാര്യമില്ലല്ലോ എന്നും സതീശൻ പറഞ്ഞിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷം ആണ് പി വി അൻവർ ഫേസ്ബുക്കിൽ മറുപടിയായി വീഡിയോ പോസ്റ്റ് ചെയ്തത്.

    വ്യാപാര ആവശ്യങ്ങൾക്ക് ആയി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ  ആണ് പി വി അൻവർ എന്നാണ് വിവരം. രണ്ടാം തവണയും നിലമ്പൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പി വി അൻവർ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലായി 29 ദിവസം സഭ ചേർന്നപ്പോൾ അഞ്ചു ദിവസം മാത്രമാണ് എൽ.ഡി.എഫ് സ്വതന്ത്ര അംഗമായ പി.വി. അന്‍വര്‍ സഭയിൽ എത്തിയിട്ടുള്ളത്.

    First published:

    Tags: Facebook video, Opposition leader V D Satheesan, P v anwar