HOME » NEWS » Kerala » RAIN ALERT IN KERALA YELLOW ALERT IN SEVEN DISTRICTS TOMORROW

Rain Alert | സംസ്ഥാനത്ത് മഴ കനക്കും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറവായിരുന്നു. ഒറ്റപ്പെട്ട മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്.

News18 Malayalam | news18-malayalam
Updated: June 27, 2021, 5:00 PM IST
Rain Alert | സംസ്ഥാനത്ത് മഴ കനക്കും; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതീകാത്മ ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.

ചൊവ്വാഴ്ചയും ബുധനാഴ്ചയും സമാനമായ നിലയില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ ശക്തി കുറവായിരുന്നു. ഒറ്റപ്പെട്ട മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. കാലവര്‍ഷം ദുര്‍ബലമായതോടെ കണക്കുപ്രകാരം പ്രതീക്ഷിച്ച മഴ ജൂൺ മാസത്തിൽ ലഭിച്ചില്ലെന്നാണ് വിലയിരുത്തൽ.

മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രതാ നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ജൂൺ 27, 30 തീയതികളിൽ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂൺ 29 മുതൽ ജൂലൈ ഒന്ന് വരെ: തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
Published by: Anuraj GR
First published: June 27, 2021, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories