തിരുവനന്തപുരം: ഇന്ധനവില വർദ്ധനയ്ക്ക് എതിരെ കെ പി സി സിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എം പിമാർ, എം എൽ എമാർ, ഉന്നത നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. ജൂൺ ഏഴിന് സംസ്ഥാനത്ത് പെട്രോൾ വില ആദ്യമായി നൂറ് കടന്നിരുന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് പ്രീമിയം പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ പി സി സിയുടെ പ്രതിഷേധം.
കൊറോണക്കാലത്ത് പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാർ എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരളത്തിലെ സർക്കാരിന്റേതെന്നും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണം; കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് ധർമരാജൻഇന്ധനവില വർധനവിന് എതിരെ തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ബി ജെ പിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്,'കൊറോണക്കാലത്ത് പെട്രോൾ വില സെഞ്ച്വറി കടക്കുമ്പോഴും ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് മോദി സർക്കാർ. കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരളത്തിലെ സർക്കാരിന്റേത്. പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോൾ കേരളത്തിന്റെ ഭരണകൂടം ആഹ്ലാദിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ബിജെപിയുടെ നയങ്ങൾക്ക് ഇടത് സർക്കാർ ഒത്താശ ചെയ്യുകയാണ്. ഇന്ധന വില വർധനവിനെതിരെ തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.'അതേസമയം, ഇന്ധനവില വർദ്ധനവിന് എതിരേ കമുകിൻ പാളയിൽ ഇരുന്ന് കെട്ടി വലിച്ച് വേറിട്ട പ്രതിഷേധം നടന്നു. മലപ്പുറം വണ്ടൂരിൽ കെ എസ് യുക്കാർ ആണ് കമുകിൻ പാളയിലൂടെ വേറിട്ടൊരു പ്രതിഷേധം സംഘടിപ്പിച്ചത്. 'പെട്രോളിന് സെഞ്ച്വറി, പാവപ്പെട്ടവന് ഇഞ്ച്വറി, പ്രധാനമന്ത്രിക്ക് പുഞ്ചിരി', 'മഹാമാരിക്കാലത്തെ കേന്ദ്രസർക്കാരിന്റെ പകൽ കൊള്ള നിർത്തുക' എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായാണ് കെ എസ് യുക്കാർ പ്രതിഷേധം നടത്തിയത്. കമുകിൻ പാളയിൽ ഹെൽമറ്റ് ധരിച്ചിരുന്ന് കെട്ടി വലിച്ചാണ് പ്രതിഷേധിച്ചത്.
ഇതിനിടെ, സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 29 പൈസ വീതമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97 രൂപ 85പൈസയും ഡീസലിന് 93 രൂപ 18 പൈസയും ആയി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95 രൂപ 96 പൈസയും ഡീസലിന് 91 രൂപ 43പൈസയുമാണ് പുതുക്കിയ വില.
കോഴിക്കോട് പെട്രോളിന് 96 രൂപ 26 പൈസയും ഡീസലിന് 91രൂപ 74 പൈസയുമായി വർധിച്ചു. ഈ മാസം മാത്രം ഇത് എട്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ പെട്രോളിന് പതിനൊന്ന് രൂപ വർദ്ധിപ്പിച്ചു. 37 ദിവസത്തിനിടെ 22 തവണയാണ് എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. ജൂണിൽ മാത്രം ഇതുവരെ അഞ്ച് തവണ വില വർദ്ധിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.