കോട്ടയം:
ബാര്‍കോഴ കേസിലെ കെ.എം.മാണിയെ കുടുക്കിയ ഗൂഡാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന്
കേരള കോണ്‍ഗ്രസ്. ബാർ കോഴ ആരോപണം സംബന്ധിച്ച് പാർട്ടി തയാറാക്കിയ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഡാലോചനയിൽ ഐ ഗ്രൂപ്പ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, അടൂർ പ്രകാശ് എന്നിവരും പങ്കെടുത്തു. പിസി ജോർജ്, ആർ. ബാലകൃഷ്ണപിള്ള എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുകയെന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായിലെത്തി കെ.എം മാണിയെ നേരിട്ട് കണ്ടിരുന്നു. എന്നാൽ ചെന്നിത്തലയുടെ ആവശ്യത്തിന് മാണി വഴങ്ങാത്തതിനെ തുടർന്നാണ് തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഡാലോചനയിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവരും ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ ഇതിൽ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടൂര്‍ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാര്‍കോഴ ആരോപണം ഉയര്‍ന്ന 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കി ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു. എന്നാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ഏജൻസിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു.ഈ അന്വേഷണത്തിലെ കണ്ടെത്തൽ സി.എഫ് തോമസിനെ ഏൽപ്പിച്ചു. സി.എഫ് തോമസിൻരെ ഒപ്പോടുകൂടി 2016 മാര്‍ച്ച് 31-നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ബാര്‍കോഴക്കേസിൽ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തൽ എന്താണെന്ന് പറയാൻ കേരളാ കോൺഗ്രസ്അന്ന് തയാറായിരുന്നില്ല. കെഎം മാണി അടക്കം കേരളാ കോൺഗ്രസ് നേതൃത്വം ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നതും ഇല്ല. യു.ഡി.എഫ് വിട്ടതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.