കൊച്ചി: നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണ കോടതിയുടെ ഉത്തരവ് ചോദ്യം ചെതുള്ള സർക്കാർ ഹർജിയിൽ തന്നെക്കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. പൊതു മുതൽ നശിപ്പിച്ച കേസ് പിൻവലിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ മുൻകാല വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹർജി നല്‍കിയിരിക്കുന്നത്. ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
വിചാരണക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കുന്നതിൽ പൊതുതാല്പര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.
കൈയ്യാങ്കളി കേസിലെ പ്രതികളും മന്ത്രിമാരുമായി ഇ പി ജയരാജൻ, കെ.ടി ജലീൽ എന്നിവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇടതുപക്ഷത്തെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. മുൻ എം.എൽ.എ വി ശിവൻകുട്ടി ഉൾപ്പെടെ മറ്റ് നാല് പ്രതികൾ നേരത്തെ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. എല്ലാ പ്രതികളും വിടുതൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
2015 ൽ കോഴ വിവാദത്തിൽപ്പെട്ട ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടയിലാണ് നിയമസഭയിൽ കൈയ്യാങ്കളിയുണ്ടായത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Court, KM Mani, Ldf, Niyamasabha, Ramesh chennitala