'രാജ്ഭവനിലെ പൂജാമുറി തുറന്ന് വിളക്കു കത്തിക്കാൻ ഒരു മുസ്ലിം വേണ്ടി വന്നു': ഹിന്ദു മഹാസമ്മേളനത്തിൽ ഗവർണറുടെ എപിഎസ്
- Published by:Rajesh V
- news18-malayalam
Last Updated:
''എത്രയോ ഹിന്ദു ഗവർണർമാർ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവൻ വാണിട്ടുണ്ട്. എന്നാൽ ഈ പൂജാമുറി വൃത്തിയാക്കുവാനും അന്തിത്തിരി കത്തിക്കുവാനും ഒരു മുസൽമാൻ വേണ്ടി വന്നു"
തിരുവനന്തപുരം: രാജ്ഭവനിൽ (Raj Bhavan) മാറാല പിടിച്ചു കിടന്നിരുന്ന പൂജാമുറി തുറന്ന് വിളക്കു കൊളുത്തിയത് മുസ്ലിമായ ആരിഫ് മുഹമ്മദ് ഖാനെന്ന് (kerala governor arif mohammad khan) ഗവർണറുടെ അഡീഷണൽ പഴ്‌സണൽ അസിസ്റ്റന്റ് ഹരി എസ് കർത്താ (Hari S Kartha). വിളക്കു കൊളുത്താനായി ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്ഭവനിൽ ഒരു പൂജാ മുറിയുണ്ട്. 140ലേറെ വർഷം പഴക്കമുണ്ട് രാജ്ഭവന്. അത് പണ്ട് രാജാക്കന്മാരുടെ അതിഥി മന്ദിരമായിരുന്നു. അവിടെ ഒരു പൂജാമുറിയുണ്ട്. പതിറ്റാണ്ടുകളായി അടഞ്ഞുകിടന്നിരുന്ന ഒരു പൂജാമുറി. അവിടെ നിലവിളക്കു കൊളുത്താറുണ്ടായിരുന്നില്ല. മാറാല പിടിച്ച് വൃത്തിയാക്കാതെ കിടന്നിരുന്ന ഒരു മുറി ആരിഫ് മുഹമ്മദ് ഖാൻ എന്ന മുസ്ലിം ഗവർണർ വന്നപ്പോൾ അതു തുറന്നു, വൃത്തിയാക്കി, എന്നും രാവിലെയും വൈകുന്നേരവും അവിടെ നിലവിളക്ക് കൊളുത്തുന്നു. വിളക്കു കൊളുത്താൻ വേണ്ടി പ്രത്യേകം ഒരാളിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. എത്രയോ ഹിന്ദു ഗവർണർമാർ കേരളം ഭരിച്ചിട്ടുണ്ട്. രാജ്ഭവൻ വാണിട്ടുണ്ട്. എന്നാൽ ഈ പൂജാമുറി വൃത്തിയാക്കുവാനും അന്തിത്തിരി കത്തിക്കുവാനും ഒരു മുസൽമാൻ വേണ്ടി വന്നു.' - അദ്ദേഹം പറഞ്ഞു.
advertisement
Also Read- PC George| 'അറസ്റ്റ് മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയന്റെ റമദാൻ സമ്മാനം': പി സി ജോർജ്
'ഹിന്ദുത്വവുമായി പുലബന്ധം പോലുമില്ലാത്ത വ്യക്തികളും പ്രസ്ഥാനങ്ങളും പല അവസരങ്ങളിലും രാഷ്ട്രീയ ഹിന്ദുത്വത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്. സിപിഎം പലപ്പോഴും അവരുടെ സമ്മേളനങ്ങളിൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാൻ, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സൂക്തങ്ങളും അവരുടെ ഛായാചിത്രങ്ങളും ഉപയോഗിക്കുന്നുണ്ട്. അത് വാസ്തവത്തിൽ രാഷ്ട്രീയ ഹിന്ദുത്വമാണ്. കോൺഗ്രസുകാരും അതുപയോഗിക്കാറുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ കണ്ണുവച്ചു കൊണ്ടാകരുത്.' - അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
മുതിർന്ന മാധ്യമ പ്രവർത്തകനായ ഹരി എസ്. കർത്തയെ ജനുവരിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ നിയമിച്ചത്. ജന്മഭൂമി മുൻ പത്രാധിപരായ ഹരി എസ്.കർത്ത, കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാധ്യമവിഭാഗം മേധാവിയായിരുന്നു. 30 വർഷത്തിലധികമായി മാധ്യമരംഗത്ത് സജീവമായിരുന്നു. ബിജെപി നേതാവായ ഹരി എസ് കർത്തയെ ഗവർണറുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷവും ഇടതുപക്ഷ നേതാക്കളും വിമർശനവുമായി എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2022 3:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'രാജ്ഭവനിലെ പൂജാമുറി തുറന്ന് വിളക്കു കത്തിക്കാൻ ഒരു മുസ്ലിം വേണ്ടി വന്നു': ഹിന്ദു മഹാസമ്മേളനത്തിൽ ഗവർണറുടെ എപിഎസ്










