'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
- Published by:Rajesh V
- news18-malayalam
Last Updated:
ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലക ശില്‍പം കോടികള്‍ വാങ്ങി വിറ്റഴിച്ചെന്ന ഗുരുതര കണ്ടെത്തലില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'ദ്വാരപാലക ശിൽപം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോൾ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികൾ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശിൽപം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?'- വി ഡി സതീശൻ ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിന് കൂട്ടുനിന്ന ദേവസ്വം ബോർഡിലേയും സർക്കാരിലേയും വമ്പന്മാർകൂടി കേസിൽ അകപ്പെടും. അതുകൊണ്ട് വിഷയമറിഞ്ഞിട്ടും മൂടിവെച്ചു. ഇതെല്ലാം അറിയുന്ന സർക്കാർ 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്ത കളവിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്- വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'സ്വർണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എൻ വാസുവിന് മെയിൽ അയച്ചത്. സിപിഎമ്മിന്റെ അടുത്ത ആളാണ് എൻ വാസു. ആ ആൾക്ക് ഇതെല്ലാം അറിയാം. എല്ലാം മറച്ചുവെക്കുകയാണ്. കോടികൾക്കാണ് ദ്വാരപാലക ശിൽപം വിറ്റത്. അത് എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണം', വി ഡി സതീശൻ ആവശ്യപ്പെട്ടു.
advertisement
സിബിഐ അന്വേഷണമാണ് നല്ലതെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാരിനോട് പ്രത്യേക അന്വേഷണ സംഘത്തിന്റെ പേര് നല്‍കണമെന്ന് കോടതി ആവശ്യപ്പെടാത്തത്. സര്‍ക്കാരിലും പോലീസിലും കോടതിക്ക് വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നു പറഞ്ഞേനെ. പ്രത്യേക അന്വേഷണ സംഘത്തിലെ ഓരോ അംഗവും ആരാണെന്നു പോലും കോടതി തീരുമാനിച്ചു.
കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നതുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതിയോടെ ശബരിമലയിലെ ദ്വാരപാലക ശില്‍പം കോടികള്‍ വാങ്ങി വിറ്റഴിച്ചെന്ന ഗുരുതര കണ്ടെത്തലില്‍ ശക്തമായ പ്രക്ഷോഭം സഭയ്ക്കകത്തും പുറത്തും തുടരുക തന്നെ ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 07, 2025 1:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ