ശബരിമലയിലെ സംഘപരിവാർ അജണ്ട പുറത്തായെന്ന് മുഖ്യമന്ത്രി
Last Updated:
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയ്ക്കും ശബരിമല തന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിശ്വാസികൾക്കെതിരാണെന്ന് വരുത്തിതീർക്കാനുള്ള ഗൂഢാലോചന വിജയിക്കില്ല. വ്യാജപ്രചരണങ്ങൾക്കൊണ്ട് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയിലെ സംഘപരിവാർ അജണ്ട പുറത്തായിരിക്കുകയാണ്. ശബരിമല വിഷയത്തിൽ നടന്ന അതിക്രമവും പ്രതിഷേധങ്ങളും സംഘപരിവാർ നടത്തുന്ന മുതലെടുപ്പാണെന്ന് സർക്കാരും ഇടത് പാർട്ടികളും പറഞ്ഞപ്പോൾ ചിലരെങ്കിലും വിശ്വാസിച്ചില്ല. എന്നാൽ ശ്രീധരൻപിള്ള തന്നെ ഇക്കാര്യംതുറന്ന് പറഞ്ഞതോടെ സംഘപരിവാർ അജണ്ട പുറത്തായി. ശബരിമലയെയും വിശ്വാസികളെയും ഏതറ്റം വരെയും സംരക്ഷിക്കും.
advertisement
ഭക്തരുടെ പേരിലുള്ള സമരം ആസൂത്രണം ചെയ്‌തത് ബി.ജെ.പിയും ശ്രീധരൻപിള്ളയുമാണ്. ഇതൊരു സുവർണ അവസരമാണെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ തന്ത്രിയെയും പന്തളം രാജകുടുംബത്തെയും സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാൽ സർക്കാർ വിളിച്ച ചർച്ചയ്‌ക്ക് വരാത്ത തന്ത്രി ബി.ജെ.പി അധ്യക്ഷനെയും ബി.ജെ.പിയെയുമാണ് തനിക്ക് കൂടുതൽ വിശ്വാസമെന്നാണ് ഇപ്പോൾ പറയുന്നത്. ഇതിൽ തന്ത്രി മറുപടി പറയണം.
നിയമോപദേശം തേടിയാണ് തന്ത്രി ശ്രീധരൻപിള്ളയെ വിളിച്ചതെന്നാണ് വിശദീകരണം. എന്നാൽ സർക്കാർ സംവിധാനങ്ങളിൽ നിയമസഹായം ലഭിക്കാവുന്ന നിരവധി സൗകര്യങ്ങളുണ്ട്. എന്തുകൊണ്ട് ഇവരെയൊന്നും സമീപിക്കാൻ തന്ത്രിക്ക് തോന്നിയില്ല. ഭക്തരുടെ പേരിലുള്ള സമരത്തിൽ തന്ത്രിയും പങ്കാളിയായി. ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ പുറപ്പെട്ടവരുടെ ഗൂഢാലോചനയിൽ അദ്ദേഹവും പങ്കാളിയായെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2018 6:39 PM IST


