തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിൽ പാർലമെന്ററി വ്യാമോഹം നിലനിൽക്കുന്നെന്ന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയെങ്കിലും ചിലയിടങ്ങളിലെങ്കിലും വിഭാഗീയത പ്രശ്നം സൃഷ്ടിച്ചെന്നും വിലയിരുത്തലുണ്ട്. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് പരാമർശങ്ങൾ.
പാർലമെന്ററി - നിയമ നിർമാണ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ടിരിക്കുന്ന പാർട്ടിയാണ് സിപിഎം. അതിനാൽത്തന്നെ പാർലമെന്ററി വ്യതിചലനങ്ങൾക്കും പാർലമെന്ററി വ്യാമോഹങ്ങൾക്കും സഖാക്കൾ ഇരയാകുന്നുണ്ട്. പദവികൾക്കായി കൊതിക്കുന്നവരുമുണ്ട്. ഇതിനെതിരേ ജാഗ്രത വേണമെന്നാണ് നിർദേശം. വിവിധി സമയങ്ങളിൽ പാർട്ടി കേരള സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും തെറ്റു തിരുത്തൽ രേഖകളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഈ പ്രശ്നം നിലനിൽക്കുകയാണ്.
സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടും ചില തെറ്റായ പ്രവണതകൾ ഉണ്ടായി. രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർഥിത്വത്തിനെതിരേ പാർട്ടി അംഗങ്ങൾ പൊതു പ്രകടനം നടത്തി. ചിലയിടങ്ങളിൽ വിഭാഗീയതയും തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചു. ഇത്തരം അനാരോഗ്യ പ്രവണതകൾ തടയുകയും ശക്തമായ നടപടികൾ എടുക്കുകയും വേണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ തെറ്റുതിരുത്തൽ ക്യാംപെയ്ൻ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തെറ്റു തിരുത്താനും പാർട്ടിയെ ശക്തിപ്പെടുത്താനും സംഘടനാ നടപടികളും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ ഭാഗമായുള്ള ശുപാർശകൾ ഉദ്ധരിച്ചാണ് കേന്ദ്ര കമ്മിറ്റിയുടെ നിർദേശം. പാർട്ടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കണം. രാഷ്ട്രീയ- സംഘടനാ നിലവാരം ഉയർത്തി വേണം ഇതു സാധ്യമാക്കാൻ. തെരഞ്ഞെടുപ്പ് സമയത്ത് വലിയൊരു വിഭാഗം ആളുകൾ പാർട്ടിയുമായി അടുത്തിട്ടുണ്ട്. അവരെ പാർട്ടിയോട് ചേർത്തു നിർത്താനുള്ള നടപടികൾ വേണം.
മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മധ്യ വർഗത്തിൽ നിന്നുൾപ്പെടെ കൂടുതൽ വിഭാഗങ്ങൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അവരിൽ ഏറ്റവും മികച്ചവരെ പാർട്ടി കേഡർമാരാക്കി മാറ്റി ആ മേഖലകളിൽ പാർട്ടി കെട്ടിപ്പടുക്കണം. ക്രിസ്ത്യൻ സമുദായത്തിൽ നിന്നും കൂടുതൽ പേരെ പാർട്ടി അംഗത്വത്തിലേക്ക് കൊണ്ടു വരണം. ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രീയ- പ്രത്യയ ശാസ്ത്ര രൂപകല്പന സംബന്ധിച്ച് പാർട്ടി അംഗങ്ങൾക്കിടിയിൽ അവബോധം വർധിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിക്കുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.