Andoor Sahadevan | മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ (Andoor Sahadevan ) അന്തരിച്ചു.ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ പ്രഫസർ ആയിരുന്നു.
കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. പാലക്കാട് പുതുശേരി സ്വദേശിയായായ അദ്ദേഹം കോഴിക്കാട് കരുവശേരിയിലാണ് താമസം. ഭാര്യ ചെങ്കുളത്ത് പുഷ്പ. മകൾ ചാരുലേഖ.
മൃതദേഹം ഒറ്റപ്പാലം കയറംപാറ പാലിയിൽ മഠത്തിന് സമീപമുള്ള സഹോദരിയുടെ ശ്രീകൈലാസം വീട്ടിൽ എത്തിക്കും. സംസ്കാരം തിരുവില്വാമല പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ മാർച്ച് 28 വൈകീട്ട് മൂന്നിന്.
1982 ൽ മാതൃഭൂമിയിൽ ചേർന്ന സഹദേവൻ അവിടെ അസിസ്റ്റന്റ് എഡിറ്ററായി.ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകൾ വഹിച്ചു. 2003-ൽ ഇന്ത്യാവിഷൻ തുടങ്ങുമ്പോൾ പ്രോഗ്രാം കൺസൽട്ടന്റായി ദൃശ്യമാധ്യമരംഗത്തേക്ക് ചുവടുവച്ചു. കലാമൂല്യമുള്ള വിദേശ സിനിമകളെ നിരൂപണം ചെയ്യുന്ന ‘24 ഫ്രെയിംസ്’ ഏറെ ശ്രദ്ധയാകർഷിച്ചു. 2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും പ്രവര്‍ത്തിച്ചിരുന്നു.
advertisement
പ്രസ് അക്കാദമി ഫാക്കൽറ്റിയായിരുന്ന അദ്ദേഹം മാസ്കോം പ്രഫസറായി 5 വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. 1996-ലെ പാമ്പൻ മാധവൻ പുരസ്കാരം, 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ടെലിവിഷൻ ചേംബറിന്റെ അവാർഡ് എന്നിവ നേടി. കാണാതായ കഥകൾ എന്ന സമാഹാരത്തിൽ അദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി അനുശോചിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മാധ്യമപ്രവർത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവൻ. പത്രമാധ്യത്തിൽ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓൺലൈൻ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവർത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
advertisement
ജേർണലിസം അധ്യാപകൻ എന്ന നിലയിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവർത്തകരിൽ വേറിട്ടുനിൽക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്പീക്കർ അനുശോചിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകനും, സിനിമാ നിരൂപകനുമായ എ സഹദേവൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. സഹൃദയനായ മാധ്യമ പ്രവർത്തകനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.
പ്രതിപക്ഷ നേതാവ്
എ സഹദേവൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. രാഷ്ട്രീയം, സാഹിത്യം, സിനിമ തുടങ്ങി വിവിധ മേഖലകളില്‍ ആഴത്തില്‍ അറിവുണ്ടായിരുന്ന അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ അത് വായനക്കാരിലേക്കും കാഴ്ച്ചക്കാരിലേക്കും എത്തിച്ചു.
advertisement
രാജ്യാന്തര ചലച്ചിത്രങ്ങളെ കേരളത്തിലെ ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ 24 ഫ്രെയിംസ് എന്ന പ്രോഗ്രാം, അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണ മികവ്‌കൊണ്ടും വേറിട്ട് നിന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമാ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു.
പത്ര മാധ്യമ രംഗവും ദൃശ്യ മാധ്യമ രംഗവും ഒരു പോലെ ഇണങ്ങിയ മാധ്യമ പ്രവർത്തകൻ ആയിരുന്നു എ.സഹദേവൻ. സിനിമാ മാധ്യമ പ്രവർത്തനത്തിൽ അദ്ദേഹം വേറിട്ട വഴി തെളിച്ചു.
advertisement
അധ്യാപകൻ എന്ന നിലയിൽ നിരവധി മാധ്യമ പ്രവർത്തകർ അദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്. സൗമ്യനും മിതഭാഷിയും തന്റെ മേഖലകളെ കുറിച്ച് കൃത്യമായ ജ്ഞാനവും ഉണ്ടായിരുന്ന വ്യക്തിയാണ് വിട പറഞ്ഞത്. ആദരാഞ്ജലികൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 27, 2022 12:48 PM IST