• HOME
  • »
  • NEWS
  • »
  • kerala
  • »
  • കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഷാഫിക്ക് വയറുവേദന; എത്താനാകില്ലെന്നു കസ്റ്റംസിനെ അറിയിച്ചു

കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഷാഫിക്ക് വയറുവേദന; എത്താനാകില്ലെന്നു കസ്റ്റംസിനെ അറിയിച്ചു

 ടി പി വധക്കേസിൽ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. 

മുഹമ്മദ് ഷാഫി

മുഹമ്മദ് ഷാഫി

  • Share this:
    കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കസ്റ്റംസിൽ ഹാജരായില്ല. വയറുവേദനയാണ് കാരണം പറഞ്ഞിരിക്കുന്നത്. എത്താനാകില്ലെന്ന് ഷാഫിയുടെ അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചു. അടുത്ത ദിവസം ഹാജരാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നിന് കൊച്ചി പ്രിവൻ്റീവ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്.

    എന്നാൽ സമയം ആയിട്ടും ഇയാൾ എത്തിയില്ല. ഹാജരാകുമോ ഇല്ലയോ എന്നതിൽ കസ്റ്റംസിനും വ്യക്തതയില്ലായിരുന്നു. പിന്നെയാണ് അഭിഭാഷകൻ വഴി അറിയിപ്പ് വന്നത്. ഭക്ഷ്യ വിഷബാധ മൂലം വയറിനു സുഖമില്ലന്നും ഹാജരാകാനാകില്ലെന്നും അറിയിച്ചു.

    നേരത്തെ ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ്‌ ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. ടി പി വധക്കേസിൽ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലിൽ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്. 

    ടി പി ചന്ദ്രശേഖരൻ വധക്കേസിൽ  ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയും ഷാഫിയും കണ്ണൂർ സ്വർണകടത്ത് സംഘത്തിന്റെ രക്ഷധികാരികൾ എന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു. ഒരു പാർട്ടിയെ മറയാക്കി സമൂഹമാധ്യമങ്ങൾ വഴി കള്ളക്കടത്ത് സംഘത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയും അവരെ ഉപയോഗിച്ച് നടത്തിയ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിനു ഉപയോഗിച്ചതായും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റസിന്റെ നിർണ്ണായക വെളിപ്പെടുത്തലായിരുന്നു ഇത്.

    Also Read- തറയിൽ ഫിനാൻസ് തട്ടിപ്പ്: പത്തനാപുരത്ത് നിക്ഷേപകര്‍ക്ക് നഷ്ടമായത് മൂന്ന് കോടിയിലധികം രൂപ

    ടി പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു ജയിലിൽ കഴിയുന്ന കൊടി സുനിയും ഷാഫിയും അടങ്ങുന്ന സംഘമാണ് സ്വർണക്കടത്തിൽ കണ്ണൂർ സംഘത്തിന്റെ രക്ഷധികാരികൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി സമൂഹമാധ്യമങ്ങളിൽ അവതരിച്ചാണ് കള്ളക്കടത്ത് സംഘം യുവാക്കളെ  ആകർഷിച്ചത്. ഇവർക്കൊപ്പം ചേർന്ന യുവാക്കളെ ക്വാട്ടേഷനും ഗുണ്ടായിസവുമടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന പണമായിരുന്നു സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതെന്നും കസ്റ്റംസ് പറയുന്നു.

    അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടി കിട്ടാനുള്ള അപേക്ഷയിലാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. കേസിൽ ഭാര്യ അമലയുടേതടക്കമുള്ള  മൊഴികൾ  അർജുൻ ആയങ്കിക്ക് എതിരാണ്. കേസിലെ നിർണായക തെളിവായ ഫോൺ എവിടെയെന്നതിൽ അർജുൻ ഒളിച്ചു കളി തുടരുകയാണ്. മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി അർജുനെ കൂടുതൽ ചോദ്യം ചെയ്യണം എന്നും ഇതിനായി ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.
    മുഹമ്മദ്‌ ഷാഫിയെ ചോദ്യം ചെയ്യുമ്പോൾ അർജുൻ ആയങ്കി കൂടി വേണമെന്ന് കോടതിയിൽ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കള്ളകടത്തിന്റ കൂടുതൽ വിവരങ്ങൾ ഇത് വഴി അറിയാൻ കഴിയുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടിയിരുന്നു.
    Published by:Rajesh V
    First published: