' സിപിഎമ്മിലേക്ക് പോകാൻ ചർച്ച ചെയ്തു എന്ന് പറയുന്ന നേരം വിമാനത്തിലായിരുന്നു :ശശി തരൂർ
- Published by:Sneha Reghu
- news18-malayalam
Last Updated:
കോൺഗ്രസ് നേതൃത്വം തന്നെ ബോധപൂർവ്വം അവഗണിക്കുന്നു എന്ന പരാതി തരൂരിനുണ്ട്
തിരുവനന്തപുരം: സി.പി.എമ്മിലേക്ക് ചേക്കേറുന്നുവെന്ന വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ശശി തരൂർ എം.പി വ്യക്തമാക്കി. ദുബായിൽ എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വിദേശമണ്ണിൽ വെച്ച് രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടി നൽകുന്നത് ഉചിതമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സി.പി.എം നേതാക്കളുമായി ദുബായിൽ രാവിലെ ചർച്ച നടത്തിയെന്ന വാർത്തകൾ തരൂർ പൂർണ്ണമായും തള്ളി. വാർത്തകളിൽ പറയുന്ന സമയത്ത് താൻ വിമാനത്തിലായിരുന്നുവെന്നും ദുബായിൽ എത്തിയപ്പോഴാണ് ഇത്തരം വിവാദങ്ങളെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ രാഷ്ട്രീയ പ്രതികരണങ്ങൾക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വം തന്നെ ബോധപൂർവ്വം അവഗണിക്കുന്നു എന്ന പരാതി തരൂരിനുണ്ട്. ഏറ്റവും ഒടുവിൽ കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്തിൽ' രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ തരൂരിനെ വേദിയിലിരുത്തി അവഗണിച്ചത് വലിയ വിവാദമായിരുന്നു. നേതാക്കളുടെ പേരുകൾ പരാമർശിച്ചപ്പോൾ തരൂരിന്റെ പേര് മാത്രം രാഹുൽ ഒഴിവാക്കിയെന്നാണ് ആരോപണം. സംസ്ഥാന നേതാക്കളിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ തരൂരിന്റെ നിലപാടുകളെ പരസ്യമായി വിമർശിക്കുമ്പോഴും, എം.കെ. രാഘവൻ എം.പി മാത്രമാണ് അദ്ദേഹത്തിന് പിന്തുണയുമായി ഉറച്ചുനിൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 26, 2026 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
' സിപിഎമ്മിലേക്ക് പോകാൻ ചർച്ച ചെയ്തു എന്ന് പറയുന്ന നേരം വിമാനത്തിലായിരുന്നു :ശശി തരൂർ







