കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കേരള ജനപക്ഷ നേതാവും പി സി ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജിന്റെ വാഹനത്തില്‍ വന്നിടിക്കുകയും വാഹനത്തിന് കേടുപാട് ഉണ്ടാക്കിയെന്നുമുള്ള പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് കൈപ്പള്ളി സ്വദേശിയായ തങ്കച്ചന്റെ പേരില്‍ കേസെടുത്തു.
ക്രിമിനല്‍ നടപടി സെക്ഷന്‍ 259, 427, 193, 195, 211, 3(1), 196 എന്നീ വകുപ്പുകള്‍ പ്രകാരം അശ്രദ്ധമായി വാഹനം ഓടിക്കല്‍, മറ്റു വാഹനത്തിന് നാശനഷ്ടം വരുത്തല്‍, വ്യാജ പരാതി നല്കി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഉപയോഗിച്ചു എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ഈരാറ്റുപേട്ട കോടതിയില്‍ പൊലീസ് എഫ്.ഐ.ആര് സമര്‍പ്പിച്ചു.
സംഭവം ദിവസമായ മാര്‍ച്ച് 27 ന് തന്നെ ഷോണ്‍ ജോര്‍ജ് പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഓടിച്ചിരുന്നയാള്‍ അമിതമായി മദ്യപിച്ചിരുന്നെങ്കിലും അയാളെ പോലീസ് സഹായത്തോടുകൂടി വൈദ്യ പരിശോധന നടത്താതെ രക്ഷിക്കുകയാണ് ഉണ്ടായതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
പൂഞ്ഞാറില്‍ നിന്ന് ഏന്തയാറിലേക്ക് യാത്ര ചെയ്യവേ അലക്ഷ്യമായി ഓടിച്ചുവന്ന ബൈക്ക് തന്റെ വാഹനത്തിന്റെ പിന്നില്‍ വന്നിടിക്കുകയും കൊക്കയിലേക്ക് പതിക്കുകയും ചെയ്തിരുന്നതെന്ന് ഷോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിന്റെ പ്രചാരണറാലിക്കിടെയിലേക്ക് വാഹനമിടിച്ചു കയറ്റി എന്ന രീതിയിലാണ് സംഭവം പ്രചരിപ്പിച്ചിരുന്നതെന്ന് ഷോണ്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഷോണ്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബൈക്കിലുണ്ടായിരുന്ന രണ്ടു പേരും മദ്യപിച്ചിരുന്നെന്നും വാഹനം ഓടിച്ച ആള്‍ക്ക് ലൈസെന്‍സ് ഇല്ലായെന്നും ഷോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.