തൃശ്ശൂര്‍: 2024 ൽ നരേന്ദ്ര മോദിക്ക് ഒരിക്കൽ കൂടി അവസരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ബിജെപിയുടെ ജനശക്തി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കഴിഞ്ഞ ഒമ്പത് വർഷമായി മോദി രാജ്യത്തെ സേവിക്കുന്നു. കഴിഞ്ഞ 70 വർഷം കൊണ്ട് നടക്കാത്ത വികസനം ഈ കാലയളവിൽ നടന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ അഞ്ചാം സ്ഥാനത്തേക്ക് വളർന്നു. യുപിഎ സർക്കാരിന്‍റെ കാലത്ത് പാക്കിസ്ഥാൻ നിന്നുള്ള തീവ്രവാദികൾ പട്ടാളക്കാരുടെ തലവെട്ടി മാറ്റുമായിരുന്നു. മോദി വന്നതിന് ശേഷം അവിടെ പോയി തിരിച്ചടി നൽകിയെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കമ്മൂണിസ്റ്റിനെയും കോൺഗ്രസിനെയും മാറി മാറി തിരഞ്ഞെടുക്കുന്നു. ലോകം കമ്മ്യൂണിസ്റ്റിനെയും രാജ്യം കോണ്‍ഗ്രസിനെയും നിരാകരിച്ചതാണ്. 2024 ൽ കേരളത്തിൽ ബിജെപിക്ക് അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്യുണിസ്റ്റും കോൺഗ്രസും ത്രിപുരയിൽ ഒരുമിച്ച് നിൽക്കുന്നു. കേരളത്തിൽ ഇവർ പരസ്പരം തല്ലുന്നു. നിലനിൽപ്പിന് വേണ്ടിയാണ് ഇവർ ത്രിപുരയിൽ ഒരുമിച്ചത്. കോൺഗ്രസുകാർ രാജ്യത്തെ പാതാളം വരെ താഴ്ത്തിയെന്നും മോദി രാജ്യത്തിൻ്റെ യശസ്സ് ഉയർത്തിയെന്നും അമിത് ഷാ പറഞ്ഞു.
ഒന്നാം യുപിഎ സർക്കാർ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്. യുപിഎ സർക്കാർ നികുതിയിനത്തിൽ 45900 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ബിജെപി സർക്കാർ 1,15,000 കോടി രൂപ നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.