സംസ്ഥാനത്ത് വീണ്ടും പനി മരണം: മുവാറ്റുപുഴയില്‍ 18 കാരൻ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും ആണ് ഇന്ന് പനി ബാധിച്ച് മരിച്ചത്
പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്.
കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും ആണ് ഇന്ന് പനി ബാധിച്ച് മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം ഉൾപ്പെടെയാണ് നാല് പനിമരണം സ്ഥിരീകരിച്ചത്. കൊട്ടാരക്കര സ്വദേശിയായ വൈ. കൊച്ചുകുഞ്ഞ് ജോൺ (70), ചവറ സ്വദേശി അരുൺ കൃഷ്ണ (33), ആയുർ വയ്യാനം സ്വദേശി ബഷീർ (74) എന്നിവരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശിനി അഖിലയും ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു.
advertisement
ചാത്തന്നൂരിൽ അഞ്ചാം ക്ലാസ്സുകാരൻ അഭിജിത്, മൂവാറ്റുപുഴയിൽ ഐ.ടി.ഐ വിദ്യാർഥി സമദ് (18) എന്നിവരാണ് പനിമൂലം മരിച്ച മറ്റുരണ്ടുപേർ. കൊല്ലം ഒഴുകുപാറ സ്വദേശി ബൈജു-ഷൈമ ദമ്പതികളുടെ മകനായ അഭിജിത് പനി പിടിപെട്ടതിനെ തുടർന്ന് മൂന്ന് ദിവസത്തോളം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പനി കൂടുതലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇതോടെ ജൂൺ മാസം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ 37 ആയി, ഇതിൽ 21-ഉം ഡെങ്കിപ്പനി ബാധ മൂലമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2023 9:41 PM IST