കോട്ടയം: നാട്ടുകാർക്ക് ഭീഷണിയായി മാറിയ മൂർഖനെയും 23 മൂർഖൻ കുഞ്ഞുങ്ങളെയും വാവ സുരേഷ് പിടികൂടി. കോട്ടയം കടുത്തുരുത്തി പഞ്ചായത്ത് ആറാം വാർഡ് മാവടി ഭാഗത്ത് തെക്കേടത്ത് പുരയിടത്തിൽ നിന്നാണ് 24 മൂർഖൻ പാമ്പുകളെ പിടികൂടിയത്. ആദ്യമായാണ് വാവ സുരേഷ് ഒന്നിച്ച് 24 മൂർഖൻ പാമ്പുകളെ പിടികൂടുന്നത്.
Also Read- അരിക്കൊമ്പൻ ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോമീറ്റർ അടുത്തെത്തി; പിന്നീട് മേദകാനം ഭാഗത്തേക്ക് മടങ്ങി
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുരയിടത്തിൽ വലിയ മൂർഖൻ പാമ്പിനെ കൃഷിക്കാരും പരിസരവാസികളും കണ്ടത്. തുടർന്നു വാവ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് കയറിയ പൊത്ത് സുരേഷിന്റെ നിർദേശപ്രകാരം തുണികൊണ്ടു സുരക്ഷിതമായി അടച്ചു. രാത്രി പന്ത്രണ്ടരയോടെ സുരേഷ് സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാറ്റി. പാമ്പിന്റെ മുട്ടകൾ കണ്ടതോടെ നാട്ടുകാരെ മാറ്റി സുരേഷ് ഒറ്റയ്ക്ക് പാമ്പിന്റെ മാളം മാന്തി. തുടർന്നു മൂർഖൻ കുഞ്ഞുങ്ങളെ ഒന്നൊന്നായി പുറത്തെടുക്കുകയായിരുന്നു. അവസാനമാണ് തള്ളമൂർഖനെ പിടികൂടിയത്. പുലർച്ചെ മൂന്നുവരെ പരിശ്രമിച്ചാണ് പാമ്പുകളെയെല്ലാം പിടികൂടിയത്. പാമ്പുകളെ വനത്തിൽ തുറന്നുവിടുന്നതിനായി വാവ സുരേഷ് കൊണ്ടുപോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.