• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മുസ്ലിം സമുദായത്തിനായി VC നിയമനം നടത്തിയെന്ന് കെ ടി ജലീൽ വെളിപ്പെടുത്തി': വെള്ളാപ്പള്ളി നടേശൻ

'മുസ്ലിം സമുദായത്തിനായി VC നിയമനം നടത്തിയെന്ന് കെ ടി ജലീൽ വെളിപ്പെടുത്തി': വെള്ളാപ്പള്ളി നടേശൻ

'മലപ്പുറത്തുനിന്ന് ജയിച്ചുവന്ന ജലീല്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് വി സി ഇല്ലെന്ന കുറവു പരിഹരിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്, നിലനില്‍പ്പാണ്. അതദ്ദേഹം ചെയ്തു'

 • Share this:
  തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ സ്വന്തം സമുദായത്തിനായി നിയമനം നടത്തിയെന്ന് മുന്‍മന്ത്രി കെ ടി ജലീല്‍ (KT Jaleel) വെളിപ്പെടുത്തിയതായി എസ്എന്‍ഡിപി (SNDP) യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ (Vellappally Natesan). സ്വന്തം സമുദായത്തില്‍നിന്നുള്ള ഒരാള്‍ വൈസ് ചാന്‍സലറായി ഇല്ലാത്തതിനാലാണ് അങ്ങനെയൊരാളെ വി സിയായി നിയമിച്ചതെന്ന് ജലീല്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

  ''കഴിഞ്ഞമാസം 21-ന് വീട്ടിലെത്തി എന്നെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സാക്ഷിയാണ്''- പത്രപ്രവര്‍ത്തകയൂണിയന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മുഖാമുഖം പരിപാടിയില്‍ വെള്ളാപ്പള്ളിക്കൊപ്പമെത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇക്കാര്യം അപ്പോള്‍ത്തന്നെ മാധ്യമ പ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

  Also Read- AMU| അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയില്‍ മൗലാന മൗദൂദിയെ ഒഴിവാക്കി;'സതാനതന ധർമം' വരുന്നു

  ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ വി സി നിയമനത്തിനെതിരേ നേരത്തേ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മന്ത്രിയായിരിക്കേ ഒരാള്‍ സ്വന്തം സമുദായത്തിനായി ഇങ്ങനെ പ്രവര്‍ത്തിച്ചത് സത്യപ്രതിജ്ഞാ ലംഘനമല്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അതാണ് ശരി'യെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നാളെ ഇക്കാര്യം ജലീല്‍ തള്ളിപ്പറഞ്ഞാല്‍ അക്കാര്യം സാക്ഷികളിലൂടെ താന്‍ തെളിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

  ''ജലീല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു മാന്യനാണെന്ന് എനിക്കുതോന്നി. മലപ്പുറത്തുനിന്ന് ജയിച്ചുവന്ന ജലീല്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് വി സി ഇല്ലെന്ന കുറവു പരിഹരിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്, നിലനില്‍പ്പാണ്. അതദ്ദേഹം ചെയ്തു. ഞാന്‍ അദ്ദേഹത്തിന് കൈകൊടുത്തു. ഈഴവന്റെ വോട്ടുവാങ്ങിയല്ല മലപ്പുറത്ത് അദ്ദേഹം ജയിച്ചത്. ആ അര്‍ഥത്തില്‍ അതു ശരിയാണ്''-വെള്ളാപ്പള്ളി പറഞ്ഞു.

  മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്റെ ആരോപണങ്ങള്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചശേഷം മാറ്റിയത് മോശംസന്ദേശമാണ് നല്‍കിയത്. കാന്തപുരത്തിന്റേതടക്കം എതിര്‍പ്പുണ്ടാകുമെന്ന് മനസ്സിലാക്കുന്നതില്‍ വീഴ്ചയാണുണ്ടായത്. നിയമിക്കാതിരിക്കുന്നതായിരുന്നു ബുദ്ധിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  Also Read- 'എറണാകുളം കളക്ടറുടെ സ്വകാര്യ ജീവിതം കൂട്ടിക്കുഴച്ചുള്ള വിമർശനം അതിരുകടന്നത്'; SYS നേതാവ്

  ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണമുണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്.

  സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
  Published by:Rajesh V
  First published: