പറവൂർ മൂത്തകുന്നത്ത് മരണപ്പെട്ട സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസമുണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കളക്ടർ ജില്ലാ കളക്ടർക്ക് റിപ്പോര്‍ട്ട് നല്‍കി. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫീസിലേക്ക് കൈമാറി. വില്ലേജ് ഓഫീസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു.
വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്‍കി കത്തയച്ചു. എന്നാൽ ഇതിനോട് സജീവന്‍ പ്രതികരിച്ചില്ല. പിന്നീട് ഹൈക്കോടതി ഉത്തരവിന്‍റെയും സർക്കുലറിന്‍റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന്‍ അപേക്ഷിച്ചിരുന്നില്ല.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഇരുപതിനായിരത്തോളം അപേക്ഷകളാണ് തീര്‍പ്പാക്കാനായി ഫോർട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ അവശേഷിക്കുന്നത്. ഇവ മുന്‍ഗണനാക്രമത്തില്‍ പ്രത്യേക അദാലത്തിലൂടെ തീര്‍പ്പാക്കി വരികയാണ്. സജീവന്‍റെ അപേക്ഷ 2021ൽ സമർപ്പിച്ചതായതിനാൽ ഇതുവരെ നടന്ന അദാലത്തുകളിൽ ഉള്‍പ്പെട്ടിരുന്നില്ല. ആദ്യം സമർപ്പിച്ച അപേക്ഷയ്ക്കു പുറമെ ഇതേ ആവശ്യത്തിനായി മറ്റൊരു അപേക്ഷ കൂടി ഇതേ വിഷയത്തില്‍ സജീവന്‍ സമർപ്പിച്ചിരുന്നു. ആദ്യത്തെ അപേക്ഷ നിലവിലിരിക്കുന്നതിനാൽ ഇതിൽ നടപടികള്‍ ആരംഭിച്ചിരുന്നില്ലെന്നും സബ് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
Also Read-Red-tape kills | നാലു സെന്റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫീസ് കയറി മടുത്ത മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു
ഭൂമി തരംമാറ്റി ലഭിക്കാത്തതിൽ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ‌്തു. മാല്യങ്കര കോയിക്കൽ സജീവനെ (57)യാണ് വ്യാഴാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നര വർഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുകളുടെ ആരോപണം.
മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള പരാമർശം ഉണ്ടായിരുന്നത്. നാല് സെന്റിലുള്ള വീട്ടിലാണ് സജീവനും കുടുംബവും താമസം.
സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോൾ വായ്പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിക്കാൻ തീരുമാനിച്ചു. പലരിൽ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയിൽ അടച്ച് ആധാരം തിരികെ വാങ്ങി. ഈ ആധാരം ബാങ്കിൽ പണയത്തിനായി നൽകിയപ്പോഴാണ് ഡേറ്റാ ബാങ്കിൽ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്.
Also Read-V.T BALRAM | 'കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങള്‍'; പ്രവാസികളുടെ ക്വാറന്റൈന് ഒഴിവാക്കിയതിനെ പരിഹസിച്ച് വി.ടി ബല്‍റാം
നിലം പുരയിടമാക്കി കിട്ടാൻ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതൽ പറവൂർ താലൂക്ക് ഓഫീസും ഫോർട്ട്‌കൊച്ചി ആർഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് വസ്ത്രത്തിനടിയിൽനിന്ന് മരണക്കുറിപ്പായ കത്ത് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.