'കേരള സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കോടതിക്കും ബോദ്ധ്യപ്പെട്ടു'; രാജീവ് ചന്ദ്രശേഖര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
"എട്ടു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്ക് അടിസ്ഥാന കാരണം അവർ തന്നെ വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയാണ്"
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കോടതിക്കും ബോദ്ധ്യപ്പെട്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക ദുര്‍ഭരണം സംബന്ധിച്ച് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇപ്പോൾ സുപ്രീം കോടതി ഉത്തരവിലൂടെ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദേഹം പറഞ്ഞു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ദുര്‍ഭരണമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന കാര്യം കോടതിക്കും ബോദ്ധ്യപ്പെട്ടിരിക്കുന്നു. എട്ടു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ക്ക് അടിസ്ഥാന കാരണം അവർ തന്നെ വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിലും തിരുവനന്തപുരത്തും കൊണ്ടു വന്ന വികസനങ്ങളുടെ അവകാശം ഇടത്, വലത് സര്‍ക്കാരുകള്‍ തങ്ങളുടേതാക്കി മാറ്റാൻ എക്കാലവും ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളെന്ന പേരില്‍ നിലവിലെ എംപി ഇറക്കിയ റിപ്പോര്‍ട്ട് കാര്‍ഡിലുള്ളതെല്ലാം ഇവിടെ നടപ്പിലായ കേന്ദ്ര പദ്ധതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ, സാമ്പത്തിക രംഗങ്ങളിലെ ദുരവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ ഇടതിനും കോണ്‍ഗ്രസിനും ഒന്നും തന്നെയില്ല. കോൺഗ്രസാകട്ടെ ഇക്കാര്യത്തിൽ ഭരണകക്ഷിയെ സഹായിക്കുന്ന തരത്തിൽ തികഞ്ഞ നിസ്സംഗതയാണ് പുലർത്തുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എല്ലായിടത്തുമെത്തി വളരെയേറെ ജനങ്ങളെ താൻ നേരിട്ട് കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. വീട്, കുടിവെള്ളം, ആരോഗ്യ പരിരക്ഷ, മരുന്ന് തുടങ്ങിവയ്ക്കാണ് ബിജെപി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
advertisement
എന്നാൽ ഇതിനെ കുറിച്ചൊന്നും ഇടത്- കോൺഗ്രസ് കക്ഷികൾക്ക് ഒന്നും പറയാനില്ല. ഭവന പദ്ധതിക്കു കീഴിൽ വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന നിരവധി വീടുകള്‍ കണ്ടു. ഇതിനെ കുറിച്ചും അവര്‍ക്ക് ഒന്നും പറയാനില്ല. എന്നാൽ ഞാന്‍ വികസനത്തേയും പുരോഗതിയേയും കുറിച്ച് പറയാന്‍ ആരംഭിച്ചപ്പോള്‍ ഇവിടെ മോദി കൊണ്ടു വന്ന ഹൈവേ, ബൈപ്പാസ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെയെല്ലാം അവകാശമേറ്റെടുക്കാൻ എല്ലാവരും മുന്നിലെത്തി.
തൻ്റെ റിപ്പോർട്ട് കാർഡിലെ എല്ലാ വികസന പ്രവർത്തനങ്ങളും മോദി സർക്കാർ പദ്ധതികളിലൂടെയാണെന്ന് നിലവിലെ എംപി തന്നെ സമ്മതിക്കുന്നുവെങ്കിൽ വരാനിരിക്കുന്ന മൂന്നാം മോദി സർക്കാരിൽ മന്ത്രിയായ ഒരു ബിജെപി എംപിക്കല്ലെ ഇതിലേറെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടു വന്ന ജനോപകാരപ്രദമായ വികസനങ്ങൾ രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ എണ്ണിപ്പറഞ്ഞു.
advertisement
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 23,909 വീടുകള്‍ ഇവിടെ നിർമ്മിക്കപ്പെട്ടു. ഈ പദ്ധതിക്കായി 230 കോടിയാണ് കേന്ദ്രം നല്‍കിയത്. ജല്‍ജീവന്‍ മിഷന്‍ പ്രകാരം 4.29 ലക്ഷം വീടുകളില്‍ പുതുതായി ടാപ് വെള്ള കണക്ഷന്‍ നല്‍കി. തിരുവനന്തപുരത്തെ 14 ലക്ഷം ജനങ്ങളില്‍ ഒമ്പത് ല്ക്ഷം പേര്‍ക്കും പിഎം ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കി. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളിലെത്തിയത് 1.3 കോടി പേരാണ്. വളരെ കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്ന 78 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 02, 2024 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള സര്‍ക്കാരിന്റെ ദുര്‍ഭരണമാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് കോടതിക്കും ബോദ്ധ്യപ്പെട്ടു'; രാജീവ് ചന്ദ്രശേഖര്‍


