അടൂര്‍ പ്രകാശിനും കോന്നിക്കാര്‍ക്കും പ്രിയപ്പെട്ട സുരേന്ദ്രന്‍
Last Updated:
കോന്നി ആന പരിശീലന കേന്ദ്രത്തില്‍ വളര്‍ന്ന കോന്നിക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന കോന്നി സുരേന്ദ്രന്‍ എന്ന കുട്ടിക്കൊമ്പനെ കുറിച്ചാണ് പറയാന്‍ പോകുന്നത്..
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമേത് എന്ന് ചോദിച്ചാല്‍ കോന്നി എന്നാകും ഉത്തരം. യുഡിഎഫിലെ പി മോഹന്‍രാജും, എല്‍ഡിഎഫിലെ കെ യു ജനീഷ് കുമാറും, എന്‍ഡിഎയിലെ കെ സുരേന്ദ്രനും ഏറ്റുമുട്ടുന്ന കോന്നി. പേര് സുരേന്ദ്രനെന്നും പേരിനൊപ്പം കോന്നിയെന്നും ഉണ്ടെങ്കിലും നമ്മുടെ കഥാനായകന്‍ പക്ഷേ രാഷ്ട്രീയക്കാരന്‍ അല്ല.. കോന്നി ആന പരിശീലന കേന്ദ്രത്തില്‍ വളര്‍ന്ന കോന്നിക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന കോന്നി സുരേന്ദ്രന്‍ എന്ന കുട്ടിക്കൊമ്പനെ കുറിച്ചാണ് പറയാന്‍ പോകുന്നത്..
കുട്ടിക്കൊമ്പന്‍ സുരേന്ദ്രനായ കഥ
1999ല്‍ റാന്നിക്കടുത്തുള്ള രാജാമ്പാറയില്‍ നിന്നാണ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി കൊമ്പനെ വനം വകുപ്പിന് ലഭിക്കുന്നത്.. കോന്നി ആന വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഓടിക്കളിച്ചു വളര്‍ന്ന അവനു അവര്‍ സുരേന്ദ്രന്‍ എന്ന പേരുനല്കി.. അങ്ങനെ അവന്‍ കോന്നി സുരേന്ദ്രനായി.. പതിനെട്ടു വര്‍ഷം കൊണ്ടു അവന്റെ വളര്‍ച്ച അത്ഭുതവാഹമായ രീതിയിലായിരുന്നു.. ഒന്‍പതു അടിയോട് അടുത്ത് ഉയരം , വീണ്ടെടുത്ത കൊമ്പുകള്‍, ആന പ്രേമികള്‍ അവനെ ജൂനിയര്‍ ശിവരാജുവെന്നും ജൂനിയര്‍ ശിവസുന്ദര്‍ എന്നുമൊക്കെ വിളിച്ചുതുടങ്ങി.. ഉത്സവകേരളത്തിലെ നാളെയുടെ താരം ഈ കൊമ്പനാകുമെന്നു പറഞ്ഞവരും നിരവധി.. ആരാധകര്‍ അവന്റെ പേരില്‍ ഫേസ്ബുക്ക് പേജും തുടങ്ങി.. ഏതാണ്ട് പന്ത്രണ്ടായിരത്തിലധികം ഫോളോവര്‍മാരുണ്ട് സുരേന്ദ്രന്..
advertisement
കുങ്കിയായി സുരേന്ദ്രന്‍
കോന്നി ആനകൂട്ടില്‍ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും പ്രിയങ്കരനായി വിലസുമ്പോഴാണ് ആ തീരുമാനം വരുന്നത്.. സുരേന്ദ്രനെ തമിഴ്‌നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോകും.. കാടിറങ്ങി വരുന്ന കാട്ടാനകളെ തുരത്താന്‍ പരിശീലനം ലഭിച്ച കുങ്കിയാനകള്‍ തന്നെ വേണം. കേരളത്തില്‍ കുങ്കി ആനകള്‍ ഇല്ല.. ആവശ്യം വരുമ്പോള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുവരുന്ന പതിവ് ഇപ്പോഴും പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം .. അതിനാല്‍ കോന്നിയില്‍ നിന്നു സുരേന്ദ്രന്റെയും കോടനാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്നു നീലകണ്ഠന്‍ എന്ന ആനയെയും അയക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.. എന്നാല്‍ സുരേന്ദ്രനെ കൊണ്ടുപോകുന്നതിനു എതിരെ വലിയ പ്രതിഷേധം തന്നെ ഉണ്ടായി.. കോന്നി എംഎല്‍എ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ കൊണ്ടുപോകാനുള്ള ആദ്യ ശ്രമം തടഞ്ഞു.. പക്ഷെ പ്രതിഷേധങ്ങക്കിടയിലും 2018 ജൂണ്‍ 12 നു ആനയെ കോന്നിയില്‍ നിന്നു മുതുമലയില്‍ എത്തിച്ചു.. കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആകര്‍ഷണം ആനകള്‍ ആണെന്നും പദ്ധതിയെ തകര്‍ക്കുകയാണ് ആനയെ മുതുമലയിലേക്കു അയച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം..
advertisement
മുതുമലയില്‍ നിന്നു മുത്തങ്ങയിലേക്ക്
മൂന്നു മാസമായിരുന്നു മുതുമലയിലെ കുങ്കി പരിശീലനം.. അതു കഴിഞ്ഞാല്‍ കോന്നിയില്‍ തിരിച്ചെത്തുമെന്നായിരുന്നു ആനക്കമ്പക്കാരുടെയും പ്രതീക്ഷ.. 2018 സെപ്തംബര്‍ അവസാനത്തോടെ മുതുമലയിലെ പരിശീലനം വിജകരമായി അവസാനിച്ചു. പക്ഷേ സുരേന്ദ്രന്‍ കോന്നിയില്‍ തിരിച്ചെത്തിയില്ല.. പകരം സുരേന്ദ്രനെ കൊണ്ടുപോയത് മുത്തങ്ങയിലേക്കാണ്.. അവിടെ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്തി ഓടിക്കലാണ് സുരേന്ദ്രന്റെ ജോലി.. എങ്കിലും സുരേന്ദ്രന്‍ ഒരുദിവസം കോന്നിയില്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് കോന്നിക്കാരും ആനക്കമ്പക്കാരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 17, 2019 11:30 PM IST




