• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഈ ബോട്ട് നിങ്ങളങ്ങ് എടുത്തോ'; സുരേഷ് ഗോപി ആദിവാസി ഊരിന് വാഗ്ദാനം പാലിച്ചത് 10 ദിവസത്തിൽ

'ഈ ബോട്ട് നിങ്ങളങ്ങ് എടുത്തോ'; സുരേഷ് ഗോപി ആദിവാസി ഊരിന് വാഗ്ദാനം പാലിച്ചത് 10 ദിവസത്തിൽ

ആദിവാസി കോളനിയിലെ ആളുകൾ രോഗികളുമായി മുളച്ചങ്ങാടങ്ങളിൽ പോകുന്ന ദുരിത യാത്ര മനസ്സിലാക്കിയ അദ്ദേഹം അവർക്ക് ഒരു ഫൈബർ ബോട്ട് വാഗ്ദാനം നൽകുകയായിരുന്നു

  • Share this:

    തൃശൂർ: ഏതാനും ദിവസങ്ങൾക്ക് മുൻപ് റോഡില്ലാത്ത വെട്ടിവിട്ടകാട് ആദിവാസി ഊരിലേക്ക് സ്‌ട്രെച്ചർ നൽകാൻ എത്തിയപ്പോഴാണ് മുക്കുമ്പുഴ കോളനിക്കാരുടെ യാത്രാദുരിതം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെട്ടത്. മീൻപിടിത്തക്കാർക്കും വനവിഭവങ്ങൾ ശേഖരിക്കാൻ ജലാശയം കടന്നുപോകുന്നവർക്കും വനപാലകർക്കും തുരുത്തുകളിൽ താമസിക്കുന്ന ഗർഭിണികളായ സ്ത്രീകളെ ഊരുകളിൽ എത്തിക്കുന്നതിനും സൗകര്യമില്ലാത്തത് മനസിലാക്കി ഫൈബർ ബോട്ട് നൽകുമെന്ന് വാക്ക് നൽകി. പത്ത് ദിവസത്തിനുശേഷം വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

    മലക്കപ്പാറ മുക്കുമ്പുഴ ആദിവാസി കോളനിക്കാർക്ക് തന്റെ വിവാഹ വാർഷിക സമ്മാനമായാണ് ബോട്ട് സമ്മാനിച്ചു നൽകാമെന്നേറ്റത്. ആദിവാസി കോളനിയിലെ ആളുകൾ രോഗികളുമായി മുളച്ചങ്ങാടങ്ങളിൽ പോകുന്ന ദുരിത യാത്ര മനസ്സിലാക്കിയ അദ്ദേഹം അവർക്ക് ഒരു ഫൈബർ ബോട്ട് വാഗ്ദാനം നൽകുകയായിരുന്നു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ അഞ്ച് സുരക്ഷാ ജാക്കറ്റും രണ്ടു പങ്കായവുമുണ്ട്.

    Also Read- Suresh Gopi | രാഷ്ട്രീയമൊന്നുമല്ല; കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി: സ്ഫടികം ജോർജ്

    എൻജിൻ ഘടിപ്പിച്ച ബോട്ടാണ് നൽകാമെന്ന് ഏറ്റിരുന്നതെങ്കിലും ഡാമിൽ ഉണ്ടാവുന്ന മലിനീകരണ സാധ്യത മനസ്സിലാക്കി തുഴഞ്ഞു പോകാവുന്ന തരത്തിലുള്ള ബോട്ടാണ് നിർമിച്ചു നൽകിയത്. വനവാസി സമൂഹങ്ങളുടെ ക്ഷേമത്തിനു വേണ്ടി സുരേഷ് ഗോപി മുൻപും ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച സുരേഷ് ഗോപിക്കു വേണ്ടി ടിനി ടോം ബിജെപിയുടെ കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയിരുന്നു. അന്ന് തന്റെ ഫെയ്സ്ബുക്കിൽ ലൈവിലൂടെ ഇക്കാര്യം അന്ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് കൊരട്ടി ബിജെപി ജില്ല ഓഫീസിനു മുൻപിൽ നടന്ന ചടങ്ങിൽ സുരേഷ് ഗോപിയും ടിനി ടോമും എത്തിയിരുന്നു. സംവിധായകൻ മാർത്താണ്ഡനും നിർമാതാവായ സന്തോഷ് പവിത്രനും ചടങ്ങിൽ പങ്കെടുത്തു.

    ഇതേക്കുറിച്ച് ടിനി ടോം ഫെയ്സ്ബുക്കില്‍ ലൈവിൽ പറഞ്ഞ വാക്കുകൾ: ‘‘ആദ്യം തന്നെ സുരേഷ് ഗോപിയേട്ടന് വിവാഹ വാർഷിക ആശംസകൾ അറിയിക്കുന്നു. അതോടൊപ്പം മലക്കപ്പാറ ഏരിയയിൽ ഉള്ള ആദിവാസി കുടുംബങ്ങൾക്ക് സുരേഷേട്ടന്റെ ഒരു സമ്മാനം സമർപ്പിക്കാനാണ് ഞങ്ങളിന്നിവിടെ എത്തിയിരിക്കുന്നത്. ഈ മേഖലയിലുള്ള ആളുകൾക്ക് അപകടം സംഭവിക്കുമ്പോൾ വളരെ പെട്ടെന്ന് ആശുപത്രിയിൽ എത്താനായി ഡാമിലൂടെ യാത്ര ചെയ്യാനായിട്ടാണ് ഒരു ഫൈബർ ബോട്ട് ഇപ്പോൾ സമർപ്പിക്കുന്നത്. വളരെ എക്കോ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു ഫൈബർ ബോട്ടിനോട് ഒപ്പം തന്നെ 5 ലൈഫ് ജാക്കറ്റുകളും ഇവർക്കായി സമർപ്പിക്കുകയാണ്. ഇതിവിടെ എത്തിക്കുക എന്ന ഒരു കടമയായിരുന്നു എന്നെ ഏൽപ്പിച്ചിരുന്നത്. ഈ ബോട്ട് പണിയാൻ സുരേഷ് ഗോപിയേട്ടൻ ഏൽപ്പിച്ചത് നിഷിജിത്ത് കെ. ജോണിനെയാണ്

    ഇന്ന് നമുക്ക് എല്ലാവർക്കും സുപരിചിതനായ ഒരാളാണ് നിഷിജിത്ത്. അദ്ദേഹത്തിന്റെ പുതിയ പ്രോജക്ട് സുരേഷേട്ടനെ കാണിക്കാൻ പോയപ്പോഴാണ് സുരേഷേട്ടൻ ഈ ഫൈബർ ബോട്ട് നിർമാണത്തിന്റെ ചുമതല നിഷിജിത്തിനെ ഏൽപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അഡ്വാൻസ് കൊടുത്ത് ഈ നിർമ്മാണം നിഷിജിത്തിനെ സുരേഷേട്ടൻ ഏൽപ്പിക്കുകയായിരുന്നു. അത് നിഷിജിത്ത് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. യഥാർഥത്തിൽ നമ്മുടെ സഹജീവികൾ എന്നാൽ വനവാസികൾ തന്നെയാണ്. അവരില്ലെങ്കിൽ നമ്മൾ ആരുമില്ല. വിവാഹ വാർഷികത്തിന് സമ്മാനമായി കൊടുക്കാനായി 10 ദിവസമാണ് നിർമാണത്തിന് ഏൽപ്പിച്ചിരുന്നത് എങ്കിലും അദ്ദേഹം അത് 8 ദിവസം കൊണ്ട് തന്നെ പൂർത്തിയാക്കി കൈമാറുകയായിരുന്നു. ഞാൻ ഇതിന്റെ മീഡിയേറ്റർ മാത്രമാണ്. സുരേഷേട്ടൻ എന്നോട് പറഞ്ഞത് ഒരു പ്രതിനിധിയായി കൊരട്ടി ബിജെപി ഓഫിസിന്റെ മുന്നിൽ ഈ ബോട്ട് സമർപ്പിക്കണം എന്നാണ്. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഞാൻ നോക്കിയിട്ടില്ല. മനുഷ്യത്വപരമായ ഒരു ഉത്തരവാദിത്തമായിട്ടാണ് ഞാനിത് ഏറ്റെടുത്തത്. സുരേഷേട്ടന്റെ മനുഷ്യത്വപരമായ പ്രവർത്തികൾക്ക് കൂടെ നിൽക്കുന്ന ഒരാൾ എന്ന നിലയിലാണ് ഞാൻ ഇന്നിവിടെ ഇപ്പോൾ എത്തിയിരിക്കുന്നത്.’’

    മീൻപിടിത്തക്കാർക്കും വനവിഭവങ്ങൾ ശേഖരിക്കാൻ ജലാശയം കടന്നുപോകുന്നവർക്കും വനപാലകർക്കും തുരുത്തുകളിൽ താമസിക്കുന്ന ഗർഭിണികളായ സ്ത്രീകളെ ഊരുകളിൽ എത്തിക്കുന്നതിനും ബോട്ട് പ്രയോജനപ്പെടുമെന്ന് ഊരുമൂപ്പൻ രാമചന്ദ്രൻ പറഞ്ഞു.

    Published by:Rajesh V
    First published: