തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് എതിരെ കേന്ദ്ര ഏജൻസികളുടെ ഭാഗത്തു നിന്ന് നടപടികൾ തുടരുന്നതിനിടെ താര സംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിൽ നിന്നും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലും ചില അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ, തൽക്കാലത്തേക്ക് ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് അമ്മ നിലപാട് എടുക്കുകയായിരുന്നു. പകരം ബിനീഷിൽ നിന്നും വിശദീകരണം തേടാനും എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് അമ്മയുടെ നടപടിയെ ന്യായീകരിച്ച് സുരേഷ് ഗോപി രംഗത്തെത്തിയത്.
ബിനീഷിന്റെ കാര്യത്തിൽ താരസംഘടനയായ അമ്മ ചാടിക്കയറി തീരുമാനം എടുക്കേണ്ടതില്ല. നല്ല പോലെ ആലോചിച്ച ശേഷം മാത്രം തീരുമാനം എടുത്താൽ മതി. കേസിൽ അന്വേഷണം നടക്കട്ടെ. നേരത്തെ പല വിഷയങ്ങളിലും അമ്മ ചാടിക്കേറി എടുത്ത തീരുമാനം വിവാദമായിട്ടുണ്ട്. അത് വലിയ രീതിയിൽ ചർച്ചയാവുകയും പിന്നീട് തിരുത്തിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
അതിനാൽ അത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ദിലീപ്, wcc അടക്കമുള്ള വിഷയങ്ങളിലെ വിവാദങ്ങൾ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നിരവധി കലാകാരന്മാർക്ക് മാസവേതനം നൽകുന്ന സംഘടനയ്ക്ക് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.