Breaking| '9 വയസുകാരിയുടെ POCSO കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു'; പാലക്കാട് DySP മനോജ് കുമാറിന് സസ്പെന്‍ഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
കേസ് അന്വേഷണത്തിൽ ബോധപൂർവം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നുമുള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം: സാമ്പത്തിക നേട്ടത്തിനായി ഒൻപതുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ പോക്സോ കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി വൈ എസ് പി ആർ മനോജ് കുമാറിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണത്തിൽ ബോധപൂർവം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നുമുള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2015ൽ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് നടപടി. അന്ന് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്നു മനോജ് കുമാർ. ഒൻപതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2015 ഒക്ടോബർ 29നാണ് അരിപ്പയിലെ സ്കൂൾ അധികൃതർ പരാതി നൽകിയത്. കേസിൽ രണ്ട് പ്രതികളാണുണ്ടായിരുന്നത്.
advertisement
രണ്ട് പ്രതികൾ പല ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് കുമാർ, ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ പ്രത്യേക റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയോ ചെയ്തില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു കേസിലെ പ്രതികൾ. എന്നാൽ ഇവർ എങ്ങനെ ഇരയുടെ പാലക്കാട്ടെ വീട്ടിലെത്തി എന്നത് സംബന്ധിച്ച് ഒരു വിവരവും എഫ്ഐആറിൽ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരിൽ കോടതിയിൽ നിന്നുള്ള വിമർശനത്തിൽ നിന്ന് സ്വയം രക്ഷപ്പെടാനും മുതിർന്ന ഉദ്യോഗസ്ഥരെ കരുവാക്കാനും ക്രിമനൽ ബുദ്ധിയോടെ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തൽ. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത് വിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയുടെ വിമർശനങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനായിരുന്നുവെന്നും കണ്ടെത്തി.
advertisement
തെളിവുകൾ ശേഖരിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനും അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കാനും മനോജ് കുമാർ ശ്രമിച്ചു. കൈക്കൂലി വാങ്ങി പ്രതിയെ കേസിൽ നിന്ന് രക്ഷിക്കാനും ഇരയ്ക്ക് നീതി നിഷേധിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണുണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ശക്തമായ നടപടിക്ക് ശുപാർശ ചെയ്ത് ആഭ്യന്തരവകുപ്പിന് വിടുകയായിരുന്നു. വാക്കാൽ വിശദീകരണം ചോദിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
advertisement
അതേസമയം, ആർ മനോജ് കുമാറിന്റെ സസ്പെൻഷൻ വാളയാർ കേസുമായി ബന്ധപ്പെട്ടാണെന്ന തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ 2015ൽ രജിസ്റ്റർ ചെയ്ത ഈ പോക്സോ കേസിന് വാളയാർ കേസുമായി ബന്ധമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 27, 2021 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Breaking| '9 വയസുകാരിയുടെ POCSO കേസ് സാമ്പത്തിക നേട്ടത്തിനായി അട്ടിമറിച്ചു'; പാലക്കാട് DySP മനോജ് കുമാറിന് സസ്പെന്‍ഷൻ