PC George | 'പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി'; അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബിജെപി
- Published by:Anuraj GR
- news18-malayalam
Last Updated:
'മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്'
തിരുവനന്തപുരം: മുൻ എംഎൽഎ പിസി ജോർജിനെ (PC George) വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് (Kerala Police) കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്‍റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണ്. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്‍റെ ഇരട്ടത്താപ്പാണ് പിസി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
advertisement
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്
വർഗീയ പ്രഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന പി പി ശൈജലാണ് പരാതി നൽകിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. 'കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തിൽ ഉടനീളം പി സി ജോർജ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 01, 2022 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PC George | 'പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തത് വീട്ടിൽ അതിക്രമിച്ച് കയറി'; അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ബിജെപി










