അയൽക്കാരായ റാങ്ക് ജേതാക്കൾ! കെഎഎസ് പരീക്ഷയിൽ കഴിവ് തെളിയിച്ച് ദേവനാരായണനും ദിവ്യയും
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
അയൽപക്കങ്ങളിലെ ഈ രണ്ട് മിടുക്കരുടെ വിജയം പുല്ലയിൽ ഗ്രാമത്തിന് വലിയ ആവേശമാണ് പകരുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പുല്ലയിൽ ഗ്രാമത്തിന് ഇത് ഇരട്ട മധുരത്തിൻ്റെ നിമിഷമാണ്. അയൽക്കാരായ രണ്ട് പേർ ആദ്യ പത്തു റാങ്കുകൾക്കുള്ളിൽ ഇടംപിടിച്ചതാണ് ഈ ഗ്രാമത്തെ അഭിമാനത്തിൻ്റെ കൊടുമുടിയിലെത്തിച്ചത്. കെഎഎസ് സ്ട്രീം 1-ൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് കിളിമാനൂർ പുല്ലയിൽ സരസ്വതി ഭവനിൽ ദേവനാരായണനാണ്. ദേവനാരായണൻ്റെ അയൽവാസി പുല്ലയിൽ ആർ.ബി. നിവാസിൽ ദിവ്യ മുരളി ഒമ്പതാം റാങ്കും സ്വന്തമാക്കി.
കിളിമാനൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനകാലം മുതൽക്കേ മികവ് പുലർത്തിയ ദേവനാരായണൻ, എസ്എസ്എൽസിക്ക് ഫുൾ എ പ്ലസും പ്ലസ് ടുവിന് 1200-ൽ 1187 മാർക്കും നേടിയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെൻ്റ് എൻജിനിയറിങ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം പിഎസ്‌സി, സിവിൽ സർവീസ് പരിശീലനങ്ങളിലേക്ക് തിരിഞ്ഞു. യൂണിവേഴ്‌സിറ്റി അസിസ്റ്റൻ്റ് പരീക്ഷയിൽ ഇരുപതാം റാങ്ക് നേടി വെറ്ററിനറി സർവകലാശാലയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി അവധിയെടുത്ത് പഠനം തുടരുകയായിരുന്നു.
advertisement
ഐഎഎസ് പ്രിലിമിനറി കടമ്പ കടന്നെങ്കിലും മെയിൻ പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞില്ല. വീണ്ടും സിവിൽ സർവീസിനായി തയ്യാറെടുക്കുന്നതിനിടെയാണ് കെഎഎസിലെ ഈ വലിയ നേട്ടം ദേവനാരായണനെ തേടിയെത്തിയത്. ഒന്നാം റാങ്ക് ലഭിച്ചെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനാകുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് ദേവനാരായണൻ പറയുന്നു. എസ്. അനിൽ കുമാറിൻ്റെയും ജെ.എസ്. ശാലിനിയുടെയും മകനാണ് ഇദ്ദേഹം. അനന്തകൃഷ്ണൻ, ദേവനന്ദ എന്നിവർ സഹോദരങ്ങളാണ്.
ഒമ്പതാം റാങ്ക് നേടിയ ദിവ്യാ മുരളിയും സിവിൽ സർവീസ് സ്വപ്നങ്ങളുമായി മുന്നേറുന്നതിനിടെയാണ് ഈ വിജയം കൈപ്പിടിയിലൊതുക്കിയത്. രണ്ടുതവണ സിവിൽ സർവീസ് മെയിൻ പരീക്ഷ എഴുതിയ ദിവ്യ, സർക്കാർ സ്കൂളുകളിലെ മലയാളം മീഡിയം പഠനത്തിലൂടെയാണ് തൻ്റെ അടിത്തറ പാകിയത്. എസ്എസ്എൽസി രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു കിളിമാനൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും പൂർത്തിയാക്കിയ ദിവ്യ, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബോട്ടണി ആൻഡ് ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയിരുന്നു. മുരളീധരൻ പിള്ളയുടെയും ബിന്ദുവിൻ്റെയും മകളാണ് ദിവ്യ.
advertisement
അയൽപക്കങ്ങളിലെ ഈ രണ്ട് മിടുക്കരുടെ വിജയം പുല്ലയിൽ ഗ്രാമത്തിന് വലിയ ആവേശമാണ് പകരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 03, 2026 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അയൽക്കാരായ റാങ്ക് ജേതാക്കൾ! കെഎഎസ് പരീക്ഷയിൽ കഴിവ് തെളിയിച്ച് ദേവനാരായണനും ദിവ്യയും








