അപൂർവ്വമായ ത്രയലിംഗ പ്രതിഷ്ഠ; ഭക്തിനിർഭരമായ ചടങ്ങുകളോടെ തിരുപുറം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 'ത്രയലിംഗം' എന്നാണ് അറിയപ്പെടുന്നത്. ഭഗവാൻ്റെ ഉഗ്രമായ സ്വയംഭൂ ചൈതന്യത്തെ മൂന്ന് ശിവലിംഗങ്ങളായി വിഭജിച്ച് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.
തിരുവനന്തപുരം ജില്ലയിലെ വളരെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് നെയ്യാറ്റിൻകരയിൽ നിന്ന് അഞ്ച് കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ തിരുപുറം മേജർ ശ്രീമഹാദേവർ ക്ഷേത്രം. തൃപുരങ്ങൾ ദഹിപ്പിച്ച ശേഷം ത്രിലോചനൻ എത്തിയ ഇടമെന്ന ഐതിഹ്യപ്പെരുമയുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ 'ത്രയലിംഗം' എന്നാണ് അറിയപ്പെടുന്നത്.
അസുരനായ ത്രിപുരാസുരനെ നിഗ്രഹിച്ച ശേഷം ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇടമായതിനാലാണ് ഈ ദേശത്തിന് തിരുപുറം എന്ന പേര് ലഭിച്ചത്. ഭഗവാൻ്റെ ഉഗ്രമായ സ്വയംഭൂ ചൈതന്യത്തെ മൂന്ന് ശിവലിംഗങ്ങളായി വിഭജിച്ച് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ചതുരാകൃതിയിലുള്ള ശ്രീകോവിലിനുള്ളിൽ മൂന്ന് ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്.
വിശാലമായ ക്ഷേത്രക്കുളം, കൊടിമരം, അസാധാരണമാംവിധം നീളമുള്ള പ്രവേശന കവാടം എന്നിവ ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതകളാണ്. ഉത്സവ ദിനങ്ങളിൽ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ അഭിഷേകം, ഗണപതിഹോമം, ദീപാരാധന, പുഷ്‌പാഭിഷേകം, ശ്രീഭൂതബലി തുടങ്ങിയവ നടക്കും. ഇതിനോടനുബന്ധിച്ച് ആനപ്പുറത്തെഴുന്നള്ളത്ത്, നാരായണീയ പാരായണം, ആധ്യാത്മിക പ്രഭാഷണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
advertisement
ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിന് വേലകളി, നാടകം, കഥകളി, ചാക്യാർകൂത്ത്, സംഗീത കച്ചേരി, ഓട്ടൻതുള്ളൽ, ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും. ഒൻപതാം ഉത്സവത്തിന് പള്ളിവേട്ടയും പത്താം ദിവസം ആറാട്ട് എഴുന്നള്ളത്തും കഴിഞ്ഞ് കൊടിയിറങ്ങുന്നതോടെ ഉത്സവത്തിന് തിരശീല വീഴും.
തിങ്കളാഴ്ചകളും പ്രദോഷ ശനിയാഴ്ചകളും ഏറെ പ്രാധാന്യത്തോടെ കൊണ്ടാടുന്ന ഈ ക്ഷേത്രത്തിലേക്ക് ഉത്സവ നാളുകളിൽ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 31, 2026 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
അപൂർവ്വമായ ത്രയലിംഗ പ്രതിഷ്ഠ; ഭക്തിനിർഭരമായ ചടങ്ങുകളോടെ തിരുപുറം മഹാദേവർ ക്ഷേത്രത്തിൽ ഉത്സവം







