കോട്ടയം: മന്ത്രി സജി ചെറിയാനെതിരെ(Saji Cheriyan) ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്(Thiruvanchoor Radhakrishnan) എംഎല്‍എ. മന്ത്രിയ്ക്കായി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍(Silverline) അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂര്‍ രാധകൃഷ്ണന്റെ ആരോപണം. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുളക്കുഴ ഭാഗത്ത് അലൈന്മെന്റില് മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം തിരുവഞ്ചൂരിന് മറുപടിയുമായി മന്ത്രി സജി ചെറിയാന് രംഗത്തെത്തി. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്കാന് തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു.
തിരുവഞ്ചൂരിന് കഴിയുമെങ്കില്‍ സില്‍വര്‍ലൈന്‍ അലൈന്മെന്റ് തന്റെ വീടിന്റെ മുകളിലൂടെ കൊണ്ടുപോകാമെന്നും വീട് സില്‍വര്‍ലൈനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് അവകാശപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.