'കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യാ സ്‌ക്വാഡല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികള്‍': പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
- Published by:Anuraj GR
- news18-malayalam
Last Updated:
റോഡരികില്‍ നിന്ന് രണ്ടു കുട്ടികള്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിച്ച മുഖ്യമന്ത്രി പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ്
മലപ്പുറം: റോഡരികില്‍ നിന്ന് രണ്ടു കുട്ടികള്‍ കരിങ്കൊടി കാട്ടിയപ്പോള്‍ ആയിരം പൊലീസുകാര്‍ക്ക് പിന്നില്‍ ഒളിച്ച മുഖ്യമന്ത്രി കേരളത്തിന് മുന്നില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. എല്ലാ സമരങ്ങളും തന്നെ അട്ടിമറിക്കാനാണെന്ന് ഏകാധിപതികള്‍ക്ക് തോന്നുന്നത് പോലുള്ള അരക്ഷിത ബോധമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സമരം ചെയ്യുന്നവര്‍ നക്‌സലൈറ്റുകളും തീവ്രവാദികളും ആത്മഹത്യാ സ്‌ക്വാഡുകളുമാണെന്ന് പറയുന്നത്. കരിങ്കൊടി കാട്ടി സമരം ചെയ്യുന്നവര്‍ ആത്മഹത്യാ സ്ക്വാഡുകളല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികളാണെന്നും വി ഡി സതീശൻ പറഞ്ഞു. തേഞ്ഞിപ്പലത്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്
നേതൃത്വത്തിന്റെ അനുവാദത്തോടെ സമാധാനപരമായാണ് അവര്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞതു പോലെ പിണറായിയുടെ ദേഹത്തേക്ക് ഒരു കല്ല് പോലും ഞങ്ങളുടെ കുട്ടികള്‍ വലിച്ചെറിയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണ്. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തല അടിച്ച് പൊളിച്ചു. സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയില്‍ നിന്നാണ് അവര്‍ പുറത്ത് വരേണ്ടതെന്ന് വി ഡി സതീശൻ പറഞ്ഞു. ഇന്നലെ ഡി.വൈ.എഫ്.ഐക്കാരന്‍ എസ്.എഫ്.ഐക്കാരിയായ പെണ്‍കുട്ടിയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി നിലത്തിട്ട് മര്‍ദ്ദിച്ചു. എന്നിട്ടും പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. പാര്‍ട്ടിയിലെ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചിട്ടും പൊലീസ് കേസെടുക്കാന്‍ അനുവദിക്കാതെ അത് ഒത്തുതീര്‍പ്പാക്കാന്‍ പോകുന്ന നേതാക്കള്‍ക്ക് നാണമുണ്ടോ? എം.വി ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത് സ്വയം പ്രതിരോധ യാത്രയാണ്. പാര്‍ട്ടി എത്തപ്പെട്ടിരിക്കുന്ന ജീര്‍ണതയില്‍ നിന്നും പുറത്ത് വരാനുള്ള പ്രതിരോധമാണ് ഗോവിന്ദന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
advertisement
ജമാ അത്ത് ഇസ്ലാമി- ആര്‍.എസ്.എസ് ചര്‍ച്ചയില്‍ യു.ഡി.എഫിന് ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതിരോധത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി വിഷയം മാറ്റാന്‍ നടത്തിയ ശ്രമം മാത്രമാണത്. ഡല്‍ഹിയില്‍ ജമാഅത്ത് ഇസ്ലാമി ഉള്‍പ്പെടെയുള്ള ചില മുസ്ലീം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതുമായി കേരളത്തിലെ യു.ഡി.എഫ് എന്ത് പിഴച്ചു? ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത ആരോപണമാണ് പിണറായി ഉന്നയിച്ചിരിക്കുന്നത്.
ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയുമായും വത്സന്‍ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിട്ടില്ലേ? ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനും മലയാളിയുമായ ദിനേഷ് നാരായണന്‍ എഴുതിയ ‘The RSS And The Making of The Deep Nation’ എന്ന പുസ്തകത്തില്‍, ഇവരെയെല്ലാം ഇന്റര്‍വ്യൂ നടത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ അക്രമം അവസാനിപ്പിക്കാന്‍ പിണറായിയും കോടിയേരിയും ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടും രഹസ്യമാക്കിവച്ചു. അന്നു മുതല്‍ സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനം അവസാനിച്ചു. അതിനു പകരമായി കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ സി.പി.എം കൊലപ്പെടുത്താന്‍ തുടങ്ങി. ആര്‍.എസ്.എസുമായി സന്ധി ചെയ്ത ശേഷമാണ് പെരിയയിലെ രണ്ട് ചെറുപ്പക്കാരെയും ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്നും വി ഡി സതീശൻ ആരോപിച്ചു.
advertisement
ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയ 1977 മുതല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വര്‍ഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും അവര്‍ വര്‍ഗീയ കക്ഷി ആയിരുന്നില്ലേ? ഇപ്പോള്‍ പുതുതായി പിണറായി കണ്ടെത്തിയിരിക്കുന്ന വര്‍ഗീയത എന്താണ്? ആര്‍.എസ്.എസിന് എതിരായ നിലപാടിന്റെ ഭാഗമായാണ് 2019 -ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ജമാ അത്ത് ഇസ്ലാമി കോണ്‍ഗ്രസിനെ സഹായിക്കാന്‍ തീരുമാനിച്ചത്. അതുവരെ സി.പി.എമ്മും ജമാഅത്ത് ഇസ്ലാമിയും തോളോട് തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. എ.കെ.ജി സെന്ററില്‍ നിന്നും ഇറങ്ങിയപ്പോഴാണ് അവര്‍ വര്‍ഗീയവാദികളായത്. ജമാ അത്ത് ഇസ്ലാമി ആസ്ഥാനത്ത് പോയി മാറി മാറി വന്ന ആമീറുമാരെയെല്ലാം പിണറായി വിജയന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ അവരെ തള്ളിപ്പറയാന്‍ എന്തൊരു തൊലിക്കട്ടിയാണ് പിണറായിക്ക്. ശ്രീ എമ്മിനെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രിയും കോടിയേരിയും ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയത് നിഷേധിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
February 21, 2023 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരിങ്കൊടി കാട്ടുന്നവര്‍ ആത്മഹത്യാ സ്‌ക്വാഡല്ല, കോണ്‍ഗ്രസിന്റെ പുലിക്കുട്ടികള്‍': പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ