കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ മിന്നലേറ്റ് ബുധനാഴ്ച വൈകുന്നേരം മൂന്നു മരണം. ബന്ധുക്കളായ രണ്ടു പേരാണ് മുണ്ടക്കയത്ത് മിന്നലേറ്റ് മരിച്ചത്. അമരാവതി കപ്പിലാമൂടിൽ മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ(48), രമേഷ്(43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. സുനിലിന്റെ സഹോദരീ ഭർത്താവാണ് ഷിബു.
രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നതിനിടെ ഇരുവർക്കും മിന്നലേൽക്കുകയായിരുന്നു. ഇടി ഇല്ലാതെ എത്തിയ മിന്നലാണ് ഇവരുടെ ജീവനെടുത്തത്.
ഇതിനടുത്ത് മറ്റൊരു സ്ഥലത്ത് ബൈക്കിൽ യാത്ര ചെയ്ത യുവാവും മിന്നലേറ്റ് മരിച്ചു. എരുമേലി പഞ്ചായത്തിൽ പെട്ട തുമരംപാറ ജംഗ്ഷനിൽ വെച്ചാണ് യാത്രികന് നേരെ മിന്നലേറ്റത്. നിലയ്ക്കൽ അട്ടത്തോട് നിന്നും മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന ചിക്കു എന്ന യുവാവാണ് മരിച്ചത്. എപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.
ഇന്ന് കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ മിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ചിക്കു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Lightning death