• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election| തൃക്കാക്കര വിധിയെഴുതി; 68.73 ശതമാനം പോളിങ്

Thrikkakara By-Election| തൃക്കാക്കര വിധിയെഴുതി; 68.73 ശതമാനം പോളിങ്

ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവിലാണ് തൃക്കാക്കരയിലെ വോട്ടർമാർ ഇന്ന് വിധിയെഴുതിയത്

  • Share this:
    കൊച്ചി: ‌തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 68.73 ശതമാനം പോളിങ്ങ്. ഇളക്കിമറിച്ചുള്ള പ്രചരണം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ലെന്നാണ് മുന്നണികളുടെ വിലയിരുത്തൽ. ഇത് ആർക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.  2021ൽ 70.39 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. 2011ൽ ആദ്യ തെരഞ്ഞെടുപ്പിൽ 73 ശതമാനമായിരുന്നു പോളിംഗ്. 2016ൽ ഇത് 74.71 ശതമാനമായി.

    ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവിൽ ഇന്ന് രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 1,96,805 വോട്ടർമാരാണ് തൃക്കാക്കരയിൽ വിധിയെഴുതുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ.

    യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കർ, ലാൽ, ഹരിശ്രീ അശോകൻ എന്നിവരും രാവിലെ വോട്ട് ചെയ്തു.

    ഇതിനിടെ, കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തിൽ കള്ളവോട്ടു ചെയ്യാൻ ശ്രമിക്കവെയാണ് പിടിയിലായത്. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

    239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഉണ്ട്. 956 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചിരുന്നു.

    Also Read-Thrikkakara By-Election | 'തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും' വോട്ട് ചെയ്ത് രഞ്ജി പണിക്കര്‍

    പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതൽ ബൂത്തുകൾ വരുന്ന ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഉണ്ട്.

    കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് തൃക്കാക്കരയിൽ കണ്ടത്. ‌യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്നാണ് തെര‍ഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോൾ ഹൃദയ ശസ്ത്രക്രിയ വിദ​ഗ്ധനായ ജോ ജോസഫിനെയാണ് എൽഡിഎഫ് രം​ഗത്തിറക്കിയത്. മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണനെയാണ് ബിജെപി രം​ഗത്തിറക്കിയത്.



    എൽഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ സജീവമായതോടെയാണ് തൃക്കാക്കരയിൽ തെരഞ്ഞെടുപ്പാവേശം ചൂട് പിടിക്കുന്നത്. മറുവശത്ത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുവ നേതാക്കളും എ കെ ആന്റണിയും വരെ തൃക്കാക്കരയിലേക്ക് എത്തി. അശ്ലീല വീഡിയോ പ്രചരിപ്പിച്ചതും പി സി ജോർജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസും സിൽവർലൈൻ പദ്ധതിയുമെല്ലാം തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഷയങ്ങളായി.

    എൽഡിഎഫിന് 100 സീറ്റെന്ന മുദ്രാവാക്യം ഉയർത്തിയതോടെ മണ്ഡലം ചൂടുപിടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ സജീവമായി. അപ്പുറവും മോശമാക്കിയില്ല. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാനും യുവ നേതാക്കളും എകെ ആന്റണിയും വരെ സജീവമായി. ഇതിനിടെ അശ്ലീല വീഡിയോ അടക്കം ആരോപണ പ്രത്യാരോപണങ്ങളുടെ നീണ്ട നിര തന്നെയുണ്ടായി. പി സി ജോർജിന്റെ അറസ്റ്റും നടിയെ ആക്രമിച്ച കേസും ആളിക്കത്തി.
    Published by:Rajesh V
    First published: