Thrissur Pooram | ആരവങ്ങളില്ലാതെ തൃശൂർ പൂരം; കാണികളില്ലാതെ കോവിഡ് മാനദണ്ഡപ്രകാരം പൂരം
- Published by:Anuraj GR
- news18-malayalam
Last Updated:
മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയെങ്കിലും, ആസ്വാദകരുടെ ആരവമില്ലാത്തത് പൊലിമ കുറച്ചു.
തൃശൂര്‍: ആളും ആരവവുമില്ലാതെ പൂരപ്പറമ്പ്. കാണികളെ ഒഴിവാക്കി കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന തൃശൂർ പൂരം ചടങ്ങുകൾ പുരോഗമിക്കുന്നു. ഘടകപൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കാണികളെ ഒഴിവാക്കി പൂരം നടത്തുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയെങ്കിലും, ആസ്വാദകരുടെ ആരവമില്ലാത്തത് പൊലിമ കുറച്ചു. തിരുവമ്പാടി വിഭാഗത്തിന്‍റെ മഠത്തിൽ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്‍റെ പ്രമാണത്തിൽ ബ്രഹ്മസ്വം മഠത്തിന് മുന്നിൽ അരങ്ങേറിയത്.
ഒരാന പുറത്താണ് രാവിലെ മുതൽ ഘടകപൂരങ്ങൾ തേക്കിൻകാട് മൈതാനത്തേക്ക് ഒന്നൊന്നായി എത്തി വടക്കുനാഥനെ വണങ്ങി മടങ്ങിയത്. ചെറിയ മേളപ്പെരുക്കത്തോടെയാണ് ഘടകപൂരങ്ങളുടെ വരവ്. തെക്കേ ഗോപുര വാതിലിലൂടെ ഘടകപൂരങ്ങളില്‍ ആദ്യമായി കണിമംഗലം ശാസ്താവാണ് വടക്കുന്നാഥന് മുന്നിലേക്കു പ്രവേശിച്ചത്. പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടിക്കും ഘടകപൂരങ്ങള്‍ക്കും ഒരാനയും വാദ്യക്കാരും ഉൾപ്പടെ 50 പേര്‍ക്ക് മാത്രമാണ് അനുമതി.
തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടി വിഭാഗത്തിന് കുടമാറ്റം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാറമേക്കാവിന്റെ പൂരത്തില്‍ 15 ആനകളുണ്ടാകും. പാറമേക്കാവ് പൂരം കിഴക്കേ ഗോപുരം വഴി വടക്കുന്നാഥനിലേക്ക് കടന്നാല്‍ ഇലഞ്ഞിത്തറ മേളമായി. പിന്നീടാണ് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരി കൊളുത്തും. ശനിയാഴ്ച ഉച്ചയോടെ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയലും ചടങ്ങിലൊതുക്കും.
advertisement
കോവിഡ് ആശങ്കയിലും നഗരം ഉത്സവ പ്രതീതിയിലാണ്. വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ പൂരപ്പറമ്പിലേക്ക് മാത്രമല്ല, പൂരനഗരിയായ തൃശൂരിലേക്കും ജനങ്ങള്‍ക്ക് പ്രവേശനമില്ല. തൃശൂരില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങള്‍ രണ്ടു ദിവസം മുമ്പാണ് രംഗത്തെത്തിയത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി. പൂരത്തിന്റെ നടത്തിപ്പില്‍ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകള്‍, ചടങ്ങുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാര്‍, വെടിക്കെട്ട് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു.
advertisement
പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയാണ് പ്രവേശനം നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൃത്യമായി അകലം പാലിക്കണം മാസ്‌ക് കൃത്യമായി ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.
തിരുവമ്പാടി ദേവസ്വത്തിന്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് മാത്രമായി നടത്തുമെന്ന് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. പാറമേക്കാവ് ദേവസ്വത്തിന്റെ ചടങ്ങുകള്‍ക്ക് 15 ആനകളെ എഴുന്നള്ളിച്ച് നടത്തും. ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവ നടക്കും. വെടിക്കെട്ടുകള്‍ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. ഓരോ ഘടക പൂരങ്ങള്‍ക്കും ഓരോ ആനകളുണ്ടാകും.
advertisement
പരമാവധി പൂരവുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണം കുറച്ച് ദേവസ്വങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ആറ് ഡെപ്യൂട്ടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 23, 2021 5:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrissur Pooram | ആരവങ്ങളില്ലാതെ തൃശൂർ പൂരം; കാണികളില്ലാതെ കോവിഡ് മാനദണ്ഡപ്രകാരം പൂരം










