പത്തനംതിട്ട: കോന്നി വകയാർ മന്ത്രപാറയ്ക്ക് സമീപം വിണ്ടും പുലിയിറങ്ങി. അരുവാപ്പുലം മൈലാടുംപാറ നിവാസിനിയായ വീട്ടമ്മ കമലാ ഭായിയാണ് പുലിയെ കണ്ടത്. പാലുമായി വകയാർ മിൽമ സൊസൈറ്റിയിലേക്ക് പോകുമ്പോൾ ഇവർ പുലിയുടെ മുന്നിൽ പെടുകയായിരുന്നു.
വഴിയരികിൽ എന്തോ അനക്കം കേട്ട് നോക്കിയപ്പോൾ ഏതോ ഒരു ജീവി നിൽക്കുന്നതായാണ് കണ്ടത്. മഞ്ഞുണ്ടായിരുന്നതിനാൽ ഏത് മൃഗം ആണെന്ന് ആദ്യം മനസ്സിലായില്ല. തന്‍റെ നേരെ തിരിഞ്ഞ് അടുത്തപ്പോഴാണ് വീട്ടമ്മക്ക് പുലിയാണെന്ന് മനസ്സിലായത്. തുടർന്ന് നിലവിളിച്ചു കൊണ്ട് വീട്ടമ്മ ഓടി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഈ ഭാഗത്ത് പുലിയെ കണ്ടവർ ഉണ്ട്. എന്നാൽ വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. നാട്ടുകാരുടെ ആവശ്യപ്രകാരം തികളാഴ്ച ഇവിടെ വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു എങ്കിലും പുലിയെ കണ്ടെത്തിയില്ല. നേരത്തേ കലഞ്ഞൂർ, മുറിഞ്ഞകൽ ഭാഗത്തും ആറ് തവണ പുലിയെ കണ്ടിരുന്നു. തുടർന്ന് ഇവിടെ കെണി കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതേ പുലിയാണ് വകയാർ എസ്റ്റേറ്റ് ഭാഗത്ത് എത്തിയത് എന്നാണ് അനുമാനം. പുലിയെ വീണ്ടും കണ്ട കാര്യം വാർഡ് അംഗം അനി സാബു വനം വകുപ്പിനെ അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ വകയാർ സാറ്റ് ടവർ സ്ഥലത്തുകൂടി പുലി ഓടി പോകുന്നതായി അന്യ സംസ്ഥാന തൊഴിലാളികൾ കണ്ടതായി പറയപ്പെടുന്നു .
പിന്നീട് ഞായറാഴ്ച വൈകിട്ട് വകയാർ മന്ത്ര പാറ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന ജീവി ഓടി പോയതായും പ്രദേശ വാസികൾ പറയുന്നു. മന്ത്രപാറയ്ക്ക് അടുത്ത് ഏക്കർ കണക്കിന് റബർ തോട്ടം കാട് കയറികിടക്കുകയാണ്. വന്യമൃഗങ്ങൾ ഇതിനുള്ളിൽ ഉണ്ടെങ്കിൽ കണ്ടെത്തുക പ്രയാസം ആണ്. കൂടൽ കലഞ്ഞൂർ മേഖലയ്ക്ക് ശേഷം ഇപ്പോൾ വകയാർ മേഖലയിലും പുലിയെ കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിൽ ആണ് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.