നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും; ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ടിപിആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളായിരിക്കും എ വിഭാഗത്തില്‍ ഉള്‍പ്പെടുക. ടിപിആർ 6-12 ശതമാനമുള്ള പ്രദേശങ്ങള്‍ ബി, 12-18 ശതമാനമുള്ള പ്രദേശങ്ങള്‍ സി, 18ന് മുകളിലുള്ളത് ഡി എന്നിങ്ങനെയാക്കി നിശ്ചയിക്കും. നേരത്തെ 24ന് മുകളിലുള്ള പ്രദേശങ്ങളെയായിരുന്നു ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.
എ വിഭാഗത്തില്‍ 165 പ്രദേശങ്ങളാണുള്ളത്. ബി-473, സി- 318, ഡി- 80 എന്നിങ്ങനെയാണ് സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുടെ കണക്ക്. ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുകയയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
advertisement
നിലവിലുള്ള നിയന്ത്രണങ്ങളിൽ അയവു വരുത്തേണ്ട സാഹചര്യം ഇല്ല എന്നാണ് കാണുന്നത്. 29.75 ശതമാനത്തിൽ നിന്ന ടിപിആർ ആണ് പതുക്കെ കുറച്ച് 10 ശതമാനത്തിലെത്തിക്കാൻ സാധിച്ചത്. എന്നാൽ അത് കുറയുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കാണുന്നില്ല. എല്ലാ കാലവും ലോക്ഡൗൺ നടപ്പിലാക്കാൻ സാധിക്കില്ല. അതിനാലാണ് നിയന്ത്രണങ്ങൾ കുറച്ച് കൊണ്ടു വരുന്നത്. എങ്കിലും ടിപിആർ പത്തിൽ താഴാതെ നിൽക്കുന്നത് പ്രശ്നം തന്നെയാണ്. രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല എന്നാണ് കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
advertisement
ടിപിആർ ക്രമാനുഗതമായി കുറയും എന്നു തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. ഒന്നാമത്തെ തരംഗത്തിൽ രോഗവ്യാപനത്തിന്റെ വേഗം മികച്ച രീതിയിൽ നിയന്ത്രിക്കാൻ സാധിച്ചതിനാൽ രോഗബാധിതരാകാത്ത അനേകംപേർ കേരളത്തിലുണ്ട്. ഐ.സിഎംആർ നടത്തിയ സെറൊ പ്രിവലൻസ് സർവേ പ്രകാരം ഏകദേശം 11 ശതമാനം ആളുകൾക്ക് മാത്രമാണ് ആദ്യ തരംഗത്തിൽ രോഗം ബാധിച്ചത്. ദേശീയ ശരാശരി 21 ശതമാനമായിരുന്നു.
അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വകഭേദമാണ് രണ്ടാമത്തെ തരംഗത്തിന്റെ ഭാഗമായി വ്യാപിക്കുന്നത്. ആദ്യത്തെ തരംഗത്തേക്കാൾ വേഗത്തിൽ രോഗം പടർന്നു പിടിച്ചെങ്കിലും തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനാലും സാഹചര്യത്തിനനുസരിച്ച് ചികിത്സാ ക്രമീകരണങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്താൻ സാധിച്ചു.
advertisement
വലിയ തിരമാല അതിവേഗത്തിൽ ഉയരുകയും ആഞ്ഞടിച്ച് നാശം വിതയ്ക്കുകയും ചെയ്യുന്നതിനു സമാനമായാണ് കോവിഡ് മഹാമാരി അഘാതമേൽപ്പിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞു നിർത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന പ്രതിരോധമാർഗമാണ് നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ടത്. അത് സാധിക്കാത്ത ഇടങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് നമ്മൾ മനസ്സിലാക്കിയതാണ്. ശ്മശാനങ്ങൾക്ക് മൃതദേഹങ്ങളുമായി ജനങ്ങൾ വരി നിൽക്കുന്ന കാഴ്ച കണ്ടതാണ്. അത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. അക്കാര്യത്തിൽ നാം വിജയിക്കുക തന്നെ ചെയ്തു.
advertisement
ഒരു തരംഗം പെട്ടെന്നുയർന്നു, നാശം വിതച്ചു, പെട്ടെന്നു താഴ്ന്നു കടന്നു പോകുന്നതിനു സമാനമല്ല കേരളത്തിൽ കോവിഡ് തരംഗത്തിന്റെ ഗതി. അത് ഇതിനകം വിശദീകരിച്ച കാരണങ്ങൾ കൊണ്ടുതന്നെ പതുക്കെ കുറഞ്ഞ് കുറച്ചു കൂടി സമയമെടുത്താകും അവസാനിക്കുക. അതുകൊണ്ടാണ് അക്കാര്യത്തിൽ ആശങ്ക വേണ്ട എന്ന് പറയുന്നത്. നമ്മുടെ വീഴ്ചയുടെ നിദാനമല്ല; മറിച്ച്, നമ്മൾ കാണിച്ച ജാഗ്രതയുടെ ലക്ഷണമാണ് ഇന്നത്തെ സ്ഥിതി- മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2021 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും; ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍