തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി
തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നാര്‍ക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോട്ടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്.
advertisement
നാര്‍ക്കോട്ടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിൻജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 20, 2026 8:40 PM IST










